1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇ താമസ വിസയുള്ളവർക്ക് ജൂൺ ഒന്ന് മുതൽ മടങ്ങാൻ അനുമതി. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന് സൗകര്യം ലഭിക്കുക. അതേസമയം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് മടക്കയാത്ര സുഗമമാകില്ല.

യുഎഇയിൽ ബന്ധുക്കളുള്ള റസിഡൻസ് വിസക്കാർക്ക് ജൂൺ ഒന്നുമുതൽ മടങ്ങി തുടങ്ങാം. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ജൂൺ ഒന്നേുമുതൽ ആരംഭിക്കും. കുടുംബങ്ങൾ യു.എ.ഇയിലുള്ള താമസ വിസക്കാർ smartservices.ica.gov. ae എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കുടുംബങ്ങളുടെ പുനഃസമാഗമത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

വിമാന യാത്രാ വിലക്കിനെ തുടർന്നാണ് പല റസിഡൻസ് വിസക്കാരും പുറം രാജ്യങ്ങളിൽ കുടുങ്ങിയത്. സമൂഹമാധ്യമമായ ട്വിറ്ററിൽ ബ്രിങ്ങ്ബാക്ക് യു.എ.ഇ റസിഡന്‍റ്സ് (#bringbackuaeresidents) എന്ന ഹാഷ്ടാഗിനു ചുവടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ താമസവിസയുള്ള ആയിരങ്ങളാണ് ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദേശീയ അണുനശീകരണ യജ്ഞം രാത്രി 8 മുതൽ രാവിലെ 6 വരെയാക്കി പുനഃക്രമീകരിച്ചു. ഇൗ മാസം 20 (റമസാൻ 27) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതായിരിക്കും സമയം. പെരുന്നാൾ പ്രമാണിച്ചാണ് പുതിയ തീരുമാനം. മാസപ്പിറവി അനുസരിച്ച് ഈ മാസം 23 നോ 24നോ ആയിരിക്കും പെരുന്നാൾ.

പെരുന്നാൾ അവധി ദിനങ്ങളിൽ മാളുകൾ രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ തുറന്നുപ്രവർത്തിക്കും. എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും അധികൃതർ ഉറപ്പാക്കും. പെരുന്നാളിന് ശേഷം മാളുകളുകളുടെയും ഷോപ്പിങ് സെൻ്ററുകളുടെയും സമയം വീണ്ടും പ്രഖ്യാപിക്കുന്നതാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഇപ്രാവശ്യത്തെ പെരുന്നാൾ നമസ്കാരം എല്ലാവരും അവരവരുടെ വീടുകളിൽ നിർവഹിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പള്ളികളും മറ്റു ആരാധനാലയങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുതന്നെ കിടക്കും.

ഖത്തറില്‍ കോവിഡ്-19 നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇന്ന് മുതല്‍ മേയ് 30 വരെ രാജ്യത്തെ എല്ലാ ഷോപ്പുകളും അടച്ചിടാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും മന്ത്രിസഭ ഉത്തരവിട്ടു. അവശ്യ സേവനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്‌.

ഉത്തരവ് ലംഘിച്ചാല്‍ 1990 ലെ 17-ാം നമ്പര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടി വരും. ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് മേയ് 22 മുതല്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി. ഏത് ആവശ്യത്തിനായാലും വീടിന് പുറത്തിറങ്ങുന്നവര്‍ സ്വന്തം സ്മാര്‍ട് ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

സൌദിയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 329 ആയി. 2886 പേര്‍ക്കാണ് ഇന്ന് രോഗം മാറിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31634 ഉം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 27891 ഉം ആയിട്ടുണ്ട്.

കുവൈത്തിൽ ഇന്ന് 1073 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 16764 ആയി. പുതിയ രോഗികളിൽ 332 പേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 121 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.