1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2020

സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരെ ഷോപ്പിങ് സെന്ററുകള്‍, സിനിമാ തിയറ്ററുകള്‍, ജിമ്മുകള്‍ തുടങ്ങിയവയിലേക്കു പ്രവേശിപ്പിക്കില്ല. എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം.
എപ്പോഴും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.

ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണു സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.കോവിഡ് -19 സ്ഥിതി സംബന്ധിച്ചും ആരോഗ്യ, സാമൂഹിക-സാമ്പത്തിക വശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചും സമഗ്രമായ വിലയിരുത്തല്‍ നടത്തിയശേഷമാണു കമ്മിറ്റി ഈ തീരുമാനമെടുത്തത്. കോവിഡുമായി സഹവര്‍ത്തിക്കുന്നതു സംബന്ധിച്ച രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങളും കമ്മിറ്റി കണക്കിലെടുത്തിട്ടുണ്ട്.

മാളുകള്‍ക്ക് അവയുടെ ശേഷിയുടെ 70 ശതമാനം പ്രവര്‍ത്തിക്കാം. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാളുകള്‍ തുറക്കാം. ശേഷിയുടെ 50 ശതമാനം സ്ഥലത്തുമാത്രമേ ജിമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 12 വയസിനു താഴെയും അറുപതിനു മുകളിലുമുള്ളവരെ പ്രവേശിപ്പിക്കില്ല. നീന്തല്‍, ജലകായിക ഇനങ്ങള്‍ എന്നിവ അനുവദനീയമല്ല.

രാത്രിയില്‍ വീടുകളില്‍ കഴിയേണ്ട സമയം നാളെ മുതല്‍ മൂന്നു മണിക്കൂര്‍ കുറച്ചു. രാത്രി എട്ടു മുതല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിറതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഇനി മുതല്‍ 11 മുതല്‍ രാവിലെ ആറുവരെയാണു നിര്‍ബന്ധമായും വീടുകളില്‍ കഴിയേണ്ടത്.

31,086 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 253 പേർക്ക് ജീവൻ നഷ്ടമായി.

സൌദി

കൊറോണ കാരണമായി നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തും. പള്ളികളും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും തുറക്കാനും തീരുമാനമായി. മക്കയില്‍ മാത്രം നിയന്ത്രണം തുടരുമെന്നാണ് സൂചന.

പള്ളികളും പൊതു ഇടങ്ങളും അടച്ചിട്ടും കടകളും ഷോപ്പിങ് മാളുകളിലും നിയന്ത്രണം നടപ്പാക്കിയും പുറത്തിറങ്ങുന്നതിന് സമയക്രമം നിശ്ചയിച്ചുമാണ് സൗദി കൊറോണയെ പ്രതിരോധിച്ചത്. കൂടുതല്‍ കാലം അടച്ചിടല്‍ നടക്കില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് എല്ലാം സജീവമാകാന്‍ ആലോചിക്കുന്നത്.

ജൂണ്‍ 21 മുതലാണ് സമ്പൂര്‍ണമായി നിയന്ത്രണം എടുത്തുകളയുക എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ജോലി സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളെല്ലാമാണ് ആഭ്യന്തര മന്ത്രാലയം എടുത്തുകളയുന്നത്.

മെയ് 31 മുതല്‍ പള്ളികളില്‍ പ്രവേശനം അനുവദിക്കും. മാത്രമല്ല, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങും. എല്ലാ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാനസര്‍വീസുകളും മെയ് 31 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച മുതല്‍ ആളുകള്‍ക്ക് നഗരങ്ങള്‍ക്കിടയില്‍ യാത്ര നടത്താം. മെയ് 31 മുതല്‍ പ്രവിശ്യകള്‍ക്കിടയില്‍ യാത്ര നടത്താന്‍ അനുമതിയുണ്ടാകും. രാവിലെ ആറിനും ഉച്ചയ്ക്ക് മൂന്നിനുമിടയിലാകും യാത്ര ഇളവ്. മക്കയിലേക്കുള്ള യാത്രാ വിലക്ക്തുടരും. ജൂണ്‍ 21 മുതല്‍ രാജ്യം പൂര്‍ണണായും പഴയ സ്ഥിതിയിലേക്കെത്തും.

നിയന്ത്രണങ്ങള്‍ നീക്കുമെങ്കിലും പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. റസ്റ്ററന്റുകളും കഫേകളും നിയന്ത്രണം നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ അനുവദിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ എന്നിവയ്ക്ക് വിലക്ക് തുടരും.

സൌദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 പേർ മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 425 ആയി. അതെസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം 51022 ആയി. ഇന്ന് 2572 പേരാണ് സുഖം പ്രാപിച്ചത്. പുതുതായി 1815 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 78541 ആയെങ്കിലും ചികിത്സയിലുള്ളത് 27094 പേർ മാത്രമാണ്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തി വച്ചതോടെ കാലാവധി തീർന്ന ടൂറിസ്റ്റ് വീസകൾ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നൽകുമെന്ന് സൌദു ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഇതിനായി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈൻ വഴി തനിയെ പുതുക്കി നൽകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി. 24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി.

ഖത്തർ

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം രണ്ട് പേരുടെ മരണങ്ങള്‍ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 75,68 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ രാജ്യത്ത് മുപ്പതായി. അതെ സമയം 1748 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.