1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: ഇസ്രയേലില്‍ കൊവിഡ്-19 വ്യപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഭീതിയിലായി രാജ്യത്തെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതര്‍. ഇസ്രയേലില്‍ കൊവിഡ് പിടിപെടാനുള്ള കാരണം ഇവരാണെന്ന പ്രചരണം നടക്കുന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്.

പ്രത്യേക രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന ഇവരെ മറ്റു ജനങ്ങള്‍ എളുപ്പം തിരിച്ചറിയുകയും ഇവരെ മാറ്റി നിര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിൽ കൊവിഡ് പിടിപെടാനുള്ള കാരണം ഇവരാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഹരെദി എന്നും പറയപ്പെടുന്ന ഈ ജനസമൂഹത്തിലെ ആളുകളെ ആശുപത്രികളില്‍ മറ്റ് രോഗികളില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇസ്രഈലില്‍ നിലവില്‍ 8611 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 56 പേര്‍ മരിക്കുകയും ചെയ്തു. ജറുസലേമില്‍ കൊവിഡ് ബാധിച്ചവരില്‍ പകുതി പേര്‍ തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബിനെയ് ബ്രാക് എന്ന നഗരത്തിലാണ് തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗക്കാരില്‍ ഭൂരിപക്ഷവും കഴിയുന്നത്. ഇവരുടെ മിക്ക മേഖലകളിലും കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ഇവിടെ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗക്കാരുടെ മേഖലയില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ കാണപ്പെട്ട സാഹചര്യത്തിലാണ് ഇവരാണ് കൊവിഡ് പരത്തുന്നതെന്ന പ്രചരണം നടന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എടുത്ത ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇവരുടെ മേഖലയെ വീണ്ടും ഒറ്റപ്പെടുത്തി.

മാര്‍ച്ചില്‍ ഇസ്രഈലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ കൊവിഡിനെ ഈ വിഭാഗക്കാര്‍ കാര്യമായി എടുത്തിരുന്നില്ല.

സാമൂഹിക അകലം പാലിക്കേണ്ട സമയത്ത് ഇവരുടെ പതിവ് പൊതുചടങ്ങുകള്‍ ഉള്‍പ്പെടുന്ന ആരാധനരീതിയും മതപഠനവുമായി മുന്നോട്ട് പോവാനാണ് ഇവരുടെ വിഭാഗത്തിന്റെ പുരോഹിതന്‍ പറഞ്ഞത്. ഒപ്പം ഈയിടെ കൊവിഡ് സ്ഥിരീകരിച്ച ഇസ്രഈല്‍ ആരോഗ്യമന്ത്രിയായ യാക്കോവ് ലിറ്റ്‌സ്മാന്‍ തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനാണ്. യുണൈറ്റ്ഡ് തോറ ജൂതയിസം പാര്‍ട്ടി പ്രതിനിധിയായ ഇദ്ദേഹം കൊവിഡ് പ്രതിരോധത്തില്‍ കാര്യമായ നടപടികള്‍ എടുത്തില്ലെന്ന് ഇസ്രഈലില്‍ പരക്കെ ആക്ഷേപമുണ്ട്. നേരത്തെ ജനങ്ങള്‍ പൊതുസ്ഥലത്ത് ഒത്തുകൂടുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ജൂത ആരാധനാലയമായ സിനഗോഗുകളെ ഇതില്‍ നിന്നും ഒഴിവാക്കാന്‍ ലിറ്റ്‌സ്മാന്‍ ശ്രമിച്ചിരുന്നു.

കൊവിഡ് ബാധിച്ച് നിരന്തരമായി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്‌സ് ജൂതര്‍ക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. പക്ഷെ അപ്പോഴേക്കും ഇവരുടെ മേഖലകള്‍ മിക്കതും കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.