1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. പതിനാലായിരത്തോളം പേരാണ് ഇതുവരെ കൊവിഡ് ബാധയില്‍ മരിച്ചുവീണത്. ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവിശ്യയുടെ തലസ്ഥാനമാണ് മിലാന്‍. ഇതുവരെ മരിച്ചവരില്‍ പാതിയോളം പേര്‍ ഈ പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് പറയുന്നതോടെ എന്താണ് മിലാനിലെ സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴിതാ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ശ്മശാനം ഏപ്രില്‍ 30 വരെ അടച്ചിരിക്കുകയാണ്.

ഇറ്റലിയിലെ 20 ഭരണ മേഖലകളില്‍ ഒന്നാണ് ലൊംബാര്‍ഡി. മിലാന്‍ നഗരമാണ് ലൊംബാര്‍ഡിയുടെ തലസ്ഥാനം. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയും ലൊംബാര്‍ഡി തന്നെയാണ്.
ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരം ആയിട്ടുണ്ടെങ്കില്‍, അതില്‍ പാതിയിലധികവും മരിച്ചത് ലൊംബാര്‍ഡിയില്‍ ആണ്. ഏതാണ്ട് എണ്ണായിരത്തോളം മനുഷ്യര്‍ (2020 ഏപ്രില്‍ 3 വരെയുള്ള കണക്കനുസരിച്ച്).

കൊറോണ വൈറസിനെ നിസ്സാരമായി കണ്ടതാണ് ഇറ്റലിയുടേയും മിലാന്‍ നഗരത്തിന്റേയും ഈ ദുര്‍വിധിയ്ക്ക് കാരണമായത്. ഫെബ്രുവരി 21 ന് ഇറ്റലിയിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ലൊംബാര്‍ഡിയില്‍ ആയിരുന്നു. ഇപ്പോള്‍ ഒന്നരമാസം കൊണ്ട് അത് എണ്ണായിരത്തില്‍ എത്തി നില്‍ക്കുന്നു.

ഇപ്പോള്‍ ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശ്മശാനങ്ങളിലെ പരിമിതികളാണ്. ഇത്രയധികം പേരുടെ സംസ്‌കാരം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ തന്നെ 20 ദിവസമാണ് ഓരോ ശവ സംസ്‌കാരത്തിനും കാത്തിരിക്കേണ്ടി വരുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അത് ശ്മശാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിക്കും. അതിനാല്‍ ഏപ്രില്‍ 30 വരെ പുതിയ ആരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി സ്വീകരിക്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

റോമാ നഗരവും നിശ്ചലമാണ്. മൃതദേഹങ്ങൾ എടുക്കാൻ സൈനിക വാഹനങ്ങളാണ് വരുന്നത്. അതിൽ തന്നെ മൃതദേഹങ്ങൾ നിരവധി അടുക്കിവെച്ചിരിക്കുന്നു. എല്ലാം ഒന്നിച്ചാണ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുക. ഒരൊറ്റ വീടിന്റെ ജനൽപോലും തുറക്കാറില്ല. അയൽവാസികളെ നേരിൽ കണ്ടിട്ട് ഒരു മാസമായി. ബാഹ്യലോകവുമായുള്ള സമ്പർക്കം ടെലിവിഷനിലൂടെ മാത്രം. എന്നും രാവിലെ കുർബാന അർപ്പിക്കുന്ന മാർപാപ്പയെ സ്ക്രീനിൽ കാണാം.

നക്ഷത്ര ഹോട്ടലുകൾ നഗരത്തിൽ അടഞ്ഞുകിടക്കുന്നു. ടൂറിസ്റ്റുകളുടെ താൽപ്പര്യം വത്തിക്കാൻ സന്ദർശിക്കുകയാണ്. പക്ഷേ നഗരത്തിലും പരിസരത്തും മരണം കൂടിയതോടെ ഹോട്ടലുകൾ കാലിയായി. ചെറുകിട ഹോട്ടലുകളോ തുറക്കുന്നില്ല. ഒരു സൈക്കിൾ പോലും നഗരത്തിലില്ല. മൃതദേഹങ്ങൾ കൊണ്ടുപോകാൻ എത്തുന്ന വാഹനങ്ങൾ അർദ്ധരാത്രിയിലും കാണാം.

ടൂറിസം തകർന്നതോടെ ഇറ്റലി സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് വെനീസ് നഗരം പൂർണ്ണമായും മരിച്ച പ്രതീതിയിലാണ്. ഉയിർത്തെഴുന്നേൽക്കാൻ എത്രയോ കാലം കഴിയണം. ടൂറിസ്റ്റുകളെ കയറ്റി വെനീസിന്റെ സൗന്ദര്യം ആസ്വദിക്കാൻ വഞ്ചിയിൽ ജോലിയുള്ളവർ കരഞ്ഞു വീർത്ത മുഖവുമായി കിടക്കുന്നു. വഞ്ചിയിലും മൃതദേഹങ്ങൾ കൊണ്ടുപോകും.

റോമ നഗരത്തേക്കാൾ മരണം കൂടുതൽ ബാധിച്ചത് വെനീസിനെയും സിസിലിയേയും മിലാൻ നഗരത്തേയും മറ്റുമാണ്. ഇവിടെയൊക്കെ വേണ്ടത്ര ആശുപത്രികൾ ഇല്ലാതെ പോയതും ശവശരീരങ്ങൾ കുന്നുകൂടാൻ കാരണമായി. ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്. ശ്വാസതടസം നീക്കാൻ ആശുപത്രികളിൽ വെന്റിലേറ്ററുകൾ തീരെ ഇല്ലാതെ വന്നതും ഭീമമായ മരണസംഖ്യയ്ക്ക് കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.