1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളില്‍ കടുത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം.

സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇനി ഉപദേശമോ ബോധവത്കരണമോ ഉണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമെടുത്ത് പോകാനാണ് പൊലീസിന്റെ തീരുമാനം. ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹ്യ വ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തലസ്ഥാനം ഉള്‍പ്പെടെ ആറു ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതലും തിരുവനന്തപുരത്താണ് എത്തുന്നത്. ഇതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകമാണെന്നും എന്നാല്‍ സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിംഗ് ഖോസ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.