1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാസ്കും കയ്യുറയും നിർബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറിൽ കയറ്റാൻ പാടുള്ളൂ.

വിവാഹം പോലുള്ള ചടങ്ങിൽ നിശ്ചിത എണ്ണത്തിലേറെ പേർ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിൽ അതിഥികൾക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇത്തരം ചടങ്ങുകൾ നിരീക്ഷിച്ച് മാർഗനിർദ്ദേശം നൽകണം. ആഘോഷ പരിപാടിയിൽ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെഎംഎംഎൽ ദ്രവീകൃത ഓക്സിജൻ ദിവസേന നൽകുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇത് വലിയ സഹായമാണ്.

തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു. ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പത്തനംതിട്ടയിൽ 29 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. കോട്ടയത്ത് പ്ലാസ്മ ദാനത്തിലും ചികിത്സാ സാമാഗ്രികൾ ലഭ്യമാക്കുന്നതിനും സ്വകാര്യ വ്യവസായ ശാലകൾ സഹകരിക്കുന്നുണ്ട്. തൃശൂരിൽ പത്ത് വയസിന് താഴെയുള്ളവരിലും 60 ന് മുകളിലുള്ളവരിലും രോഗം പടരുന്നു. ഒക്ടോബർ 10 മുതൽ 21 വരെ 692 കുട്ടികളും 60 ലേറെ പ്രായമുള്ള 1230 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗർഭിണികളായ രോഗികൾക്ക് ചികിത്സ നിഷേധിക്കാതിരിക്കാൻ നിർദ്ദേശം നൽകി. കൊവിഡ് കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷ നൽകണം. കൊവിഡിന്‍റെ പേരിൽ ചില രോഗികളെ ആശുപത്രികളിൽ നിന്ന് മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് ശ്രദ്ധയിലുണ്ട്. കാസർകോട് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നു. ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി കടന്ന് വരുന്നവർ കൊവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതിർത്തിയിൽ ആരെയും തടയില്ല.

ദേശീയ തലത്തിൽ കൊവിഡ് വ്യാപനം ഉയർന്ന തോതിൽ പിന്നിട്ടുവെന്ന പ്രചാരണം ഉണ്ട്. കൊവിഡ് ലോകസാഹചര്യം പരിഗണിച്ചാൽ പലയിടത്തും രോഗം വീണ്ടും കുത്തനെ ഉയരുന്നു. പരമാവധിയിലെത്തിയ ശേഷം കുറയുന്നുവെന്ന തോന്നൽ രോഗം പിൻവാങ്ങുന്നതിന്‍റെ സൂചനയെന്ന് ഉറപ്പിക്കാനാവില്ല.

നിലവിലെ സാഹര്യത്തിൽ മഹാമാരി പിൻവാങ്ങുന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഇത് കാട്ടുതീ പോലെ. തീ ശമിക്കുന്നത് അടുത്ത കാട്ടിലേക്ക് പടരുന്നതിന് മുൻപുള്ള താത്കാലിക ശാന്തത മാത്രമാണ്. രോഗം പടരാതിരിക്കാനുള്ള കരുതൽ ജാഗ്രതയോടെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വന്ന് പോകുന്നത് നല്ലതല്ല. രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്. കൊവിഡ് മുക്തരായാലും അവശത ദീർഘകാലം നീണ്ടുനിൽക്കുന്ന സ്ഥിതിയുണ്ട്. രോഗം ബാധിച്ചാൽ പത്ത് ദിവസത്തിനപ്പുറം വൈറസ് മനുഷ്യ ശരീരത്തിൽ നിലനിൽക്കില്ല. എങ്കിലും ടെസ്റ്റ് നെഗറ്റീവായതിന് ശേഷം മാത്രമാണ് നമ്മൾ കൊവിഡ് മുക്തി അംഗീകരിക്കുന്നത്. അത്തരത്തിൽ നെഗറ്റീവായവരുടെ ശരീരത്തിൽ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്‍റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങൾ അവശത നേരിടാൻ സാധ്യതയുണ്ട്.

ശ്വാസകോശം, വൃക്ക തുടങ്ങിയവയിൽ വ്യതിയാനം മാറാൻ സമയമെടുക്കും. അവർക്ക് ദീർഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. ഒരു ശതമാനം പേരിൽ ഈ പോസ്റ്റ് കൊവിഡ് സിൻഡ്രോം കാണുന്നു. ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്‍റീന്‍ തുടരാൻ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം. അവശത നീണ്ടുനിൽക്കുന്നവർ ഡോക്ടർമാരുടെ സേവനം തേടണം.

ഹൈപ്പർ ടെൻഷൻ പോലുള്ള രോഗമുള്ളവർ കൊവിഡിന് ശേഷം രോഗം മോശമാവാതിരിക്കാൻ കരുതൽ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനത്തിന് പോകാൻ പാടുള്ളൂ. കൊവിഡ് ബാധിച്ചവരിൽ ഇത്തരം ബുദ്ധിമുട്ടുള്ളവർ ശബരിമല സന്ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാവും ആരോഗ്യത്തിന് നല്ലത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് സ്വകാര്യ ലാബിലെ കൊവിഡ് പരിശോധനാ നിരക്കിൽ കുറവ് വരുത്തി. കൂടുതൽ പേർക്ക് ഈ സൗകര്യം ഉപയോഗിച്ച് ടെസ്റ്റ് നടത്താം.

വിദ്യാരംഭം ഇക്കുറി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം. കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ മാതാപിതാക്കളും ബന്ധുക്കളും ഈ ചടങ്ങുകളിൽ പങ്കെടുക്കാവു. വിർച്വൽ ക്യൂ രജിസ്ട്രേഷൻ നടത്തിയവരെ മാത്രമാണ് ശബരിമലയിലേക്ക് വിട്ടത്. ദിവസേന 250 പേർ വീതം അഞ്ച് ദിവസം 1250 പേരെ ദർശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ 673 പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് വന്നത്. ദർശനത്തിന് വന്നവരിൽ ആന്ധ്രയിലെ ചിറ്റൂർ സ്വദേശിക്കും ബെംഗളൂരുവില്‍ നിന്ന് വന്ന ഭക്തനും കൊവിഡ് സ്ഥരീകരിച്ചു.

കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്ക് വേണ്ടിയുള്ള വിവിധ കരാറുകൾ ഒപ്പുവച്ചു. കൊച്ചിയെ ആഗോള വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഈ പദ്ധതികൾ സഹായിക്കും. സിയാലിന് കൂടുതൽ കാർഗോ ആകർഷിക്കാനാവും. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എയർപോർട്ടുകളുടെ തിരക്കും കുറയ്ക്കാനാവും. കേരളത്തിൽ നിന്നുള്ള വ്യാവസായിക കയറ്റുമതി വളർത്താനാവും. ഈ ഇടനാഴി കേരളത്തെയും പടിഞ്ഞാറൻ തമിഴ്നാടിനെയും രാജ്യത്തെ വിവിധ വ്യാവസായിക ഇടനാഴികളുമായി ബന്ധിപ്പിക്കും.

ആദ്യ ഘട്ടമായി തെരഞ്ഞെടുത്ത സ്ഥലത്ത് 10000 കോടി നിക്ഷേപവും പ്രത്യക്ഷമായി 20000, പരോക്ഷമായി 80000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. സംസ്ഥാനത്തിന് പ്രതിവർഷം നികുതി വരുമാനമായി 585 കോടി നികുതി വരുമാനം ഉണ്ടാകും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനുള്ള നിർണായക കാൽവയ്പ്പാണിത്. സംസ്ഥാനത്ത് ഉള്ളിയുടെ വില വർധിക്കുന്നു. ഇത് നിയന്ത്രിക്കാൻ കേന്ദ്ര ഏജൻസി നാഫെഡുമായി ബന്ധപ്പെട്ട് ഉള്ളി,തുവര, ചെറുപയർ, നവര എന്നിവയ്ക്ക് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സവാള അടിയന്തിരമായി സംസ്ഥാനത്ത് എത്തിക്കും. സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദർശനത്തിന് വരുന്നവർക്കും സംസ്ഥാനത്ത് നിന്ന് പുറത്ത് ഹ്രസ്വ സന്ദർശനത്തിന് പോയി വരുന്നവർക്കും പരിശോധന കർശനമാക്കുന്നില്ല. എങ്കിലും ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും.

രാഹുൽ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങൾ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവർത്തനവും കാണുന്നയാളാണ്. വ്യത്യസ്ത അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ഇവിടുത്തെ കാര്യങ്ങൾ വിശകലനം ചെയ്തു. പ്രതിപക്ഷ നേതാവും രാഹുൽ ഗാന്ധിയും തമ്മിലുള്ളത് അവർ തമ്മിലുള്ള കാര്യമാണ്. അതിൽ ഇടപെടുന്നില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനം ദീർഘകാലമായി നടത്തുന്നു. ഏറ്റവുമധികം പ്രവർത്തിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. നല്ല രീതിയിലാണ് അവരുടെ പ്രവർത്തനത്തെ കാണുന്നത്.

കൊച്ചിയിലെ മെഡിക്കൽ കോളേജിൽ നല്ല രീതിയിലുള്ള പ്രവർത്തനമാണ്. സോഷ്യൽ മീഡിയയില്‍ തെറ്റിദ്ധാരണാ ജനകമായ വിമർശനം ഉയർന്നു. അവിടെ നിന്ന് തന്നെ അത് ശരിയല്ലെന്ന് പറയുന്നു. ആ ആരോപണം ശരിയല്ലെന്ന് സമൂഹത്തിന് ബോധ്യം വന്നു. തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും തയ്യാറാവുന്നു. അതിന്‍റെ ഭാഗമായി ചിലർ പിന്നീട് രംഗത്ത് വരുന്നു. അത് നിർഭാഗ്യകരമാണ്. സർവീസിലെ ഡോക്ടർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നു. എങ്കിലും ചില ഒറ്റപ്പെട്ട രീതിയിലുള്ള പ്രതികരണം ഉണ്ടാവുന്നു. അത് സർക്കാർ ഗൗരവമായി കാണും.

തദ്ദേശ ഓഡിറ്റിങിൽ ധനകാര്യ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. 2019-20 ലെ ഓഡിറ്റ് പൂർത്തീകരിച്ച് റിപ്പോർട്ട് വെക്കുന്നത് ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റ് കാര്യത്തിൽ വ്യക്തത വരുത്തിയിട്ട് മതി. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉണ്ടായ കാര്യങ്ങൾ മാത്രമാണ് ഇത്. സർക്കാർ കാര്യം ചെയ്യുന്നത് നിയമോപദേശം കേട്ടാണ്. സിബിഐ കാര്യത്തിൽ നിയമപരിശോധന നടത്തിയിരുന്നു. സിബിഐ കണ്ടെത്തിയ കാര്യങ്ങൾ ശരിയല്ലെന്നാണ് ലഭിച്ച നിയമോപദേശം. ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അംഗീകാരം കൊടുക്കാനാവില്ല.

പരിശോധനകൾ വർധിപ്പിക്കുന്നുണ്ട്. 70000ത്തിലേക്ക് എത്തിക്കാനാണ് ശ്രമം. പ്ലാനുകൾ എല്ലാ ജില്ലയിലും നടക്കുന്നു. സ്വകാര്യ മേഖലയിലും ത്വരിതപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. നല്ല ജാഗ്രത തുടർന്നാൽ മാറ്റമുണ്ടാക്കാനാവും. കെടി ജലീലിന്‍റെ കാര്യത്തിൽ, സാധരണ ഗതിയിൽ അദ്ദേഹം ഇടപെട്ടുവെന്ന് പറയുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലൊരു മൊഴി അദ്ദേഹം കൊടുത്തതായി കാണുന്നില്ല. മന്ത്രിയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് സംഭാഷണം ലീക്ക് ചെയ്ത് പ്രചരിപ്പിച്ച സംഭവമുണ്ട്. അതാണോ ഇതെന്ന് പരിശോധിച്ചാലേ മനസിലാവു.

സ്പ്രിങ്ക്ളർ റിപ്പോർട്ട് ലഭിച്ചു. പരിശോധിച്ച ശേഷമേ മറുപടി നൽകാനാവു. വടക്കാഞ്ചേരി കാര്യത്തിൽ എംഎൽഎ പരാതി കൊടുത്ത ഉടനെ സിബിഐ അതെടുത്തു. ടൈറ്റാനിയം കേസിൽ സംസ്ഥാന സർക്കാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ സിബിഐ ആശ്ചര്യകരമായ നിലപാടാണ് സ്വീകരിച്ചത്. അത് സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്ന കാര്യമല്ല.

സിബിഐ ഏറ്റെടുത്താലേ അത് കൂടുതൽ വിശദമായി അന്വേഷിക്കാനാവു. ആ വ്യത്യാസം മാധ്യമങ്ങൾ തന്നെ വിലയിരുത്തിയാൽ മതി. ഏതെങ്കിലും കേസ് സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കി എടുക്കുന്നില്ല. ആക്ഷേപങ്ങൾ വരുമ്പോൾ അതിന്‍റെ ഭാഗമായി പരിശോധന നടത്തി കേസെടുക്കുകയാണ് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.