1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധ. ആറ് പേര്‍ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേർ ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത് ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 142 പേർ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്.

കൊവിഡ് വൈറസ് പ്രതിരോധനടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനത്ത് രോഗത്തിന്‍റെ സമൂഹ വ്യാപനമില്ലെന്ന് വ്യക്താ‍മാക്കിയ മുഖ്യമന്ത്രി അടുത്ത ഘട്ടത്തിൽ സമ്പർക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതൽ ശ്രദ്ധ നല്‍കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്…

ഇന്നു മാത്രം 119 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 46958 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 45527 എണ്ണം നെഗറ്റീവാണ്. 33 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കണ്ണൂരിൽ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയിൽ പഞ്ചായത്തുകൾ. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്പോട്ടുകളാണ്. കണ്ടൈൻമെൻ്റ് സോണുകളുടെ നിയന്ത്രണം കൂടുതൽ കർക്കശമാക്കും.

ഇന്ന് ആകെ 1297 സാംപിളുകളാണ് പരിശോധിച്ചത്. നമ്മുടെ ബ്രേക്ക് ദ ചെയിൻ, കോറൻ്റൈൻ, റിവേഴ്സ് ക്വാറൻ്റൈൻ എന്നിവ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. കൂടി വരുന്ന കേസുകൾ അതിൻ്റെ സൂചനയാണ് നൽകുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തി തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച പോലെ കൊവിഡ് പൊസീറ്റീവ് രോഗികളുടെ എണ്ണം വർധിച്ചു.

അടുത്ത ഘട്ടം സമ്പർക്കം വഴിയുള്ള വ്യാപനമാണ്. എന്നാൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാൽ തന്നെ ഭയപ്പെടേണ്ടത് സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികൾ, പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ എന്നിവരെ ആരോഗ്യപ്രവർത്തകർ പരിശോധയ്ക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്. ഇതുവരെ മുൻഗണനാ വിഭാഗത്തിലുള്ള 5630 സാംപിളുകൾ ശേഖരിച്ചു പരിശേോധിച്ചു. ഇതുവരെ നാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനർത്ഥം കൊവിഡിൻ്റെ സാമൂഹികവ്യാപനം കേരളത്തിലുണ്ടായിട്ടില്ല എന്നതാണ്. ശാരീരിക അകലം പാലിക്കുക, ആവർത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറൻ്റൈൻ കൃതൃമായി പാലിക്കുന്നതിലും കേരളം മുന്നിലാണ്.

74426 പേരാണ് ഇതുവരെ കര,വ്യോമ,നാവിക മാർഗ്ഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയത്. ഇവരിൽ 44712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുല്ലവരാണ്. 66239 പേരാണ് റോ‍ഡ് മാ‍​ർ​ഗം വന്നത്. ഇതിൽ 46 പേ‍ർക്ക് രോ​ഗം സ്ഥിരീകരിച്ചു. വിമാനത്തിൽ വന്നവരിൽ 53 പേ‍ർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കപ്പൽ മാ‍​ർ​ഗം വന്ന ആറ് പേ‍ർക്കും രോ​ഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇത്രയും ആളുകൾ എത്തിയത്. 6054 പേരിൽ 3305 പേരെ സ‍‍‍ർക്കാ‍ർ വക ക്വാറൻ്റൈൻിലാക്കി . ഹോം ഐസൊലേഷനിൽ 2749 പേരെ മാറ്റി. 123 പേരെ ആശുപത്രിയിലുമാക്കി. ഇത്തരത്തിൽ നമ്മുടെ സഹോദരങ്ങൾ തുട‍ർച്ചയായി എത്തിയപ്പോൾ രോ​ഗപ്രതിരോധപ്രവ‍ർതതനങ്ങളും ശക്തമാക്കണം.

ധാരണപിശക് മൂലമുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടാവാതിരിക്കാനാണ് ഇതിങ്ങനെ ആവർത്തിച്ചു പറയുന്നത്. നമ്മുടെ നാട്ടിൽ എല്ലാവ‍ർക്കും സുരക്ഷയുണ്ടാവണം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിക്കുന്നത് കണ്ടു. അതിൽ സഹതാപം മാത്രമേയുള്ളൂ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രാജ്യമാകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടുമ്പോൾ അതും കൂടി മനസിൽ വേണം.

നാട്ടിലേക്ക് വരാൻ സൗകര്യം ഏ‍ർപ്പെടുത്തുമ്പോൾ ആദ്യം എത്തേണ്ടവരെ കൃത്യമായി വേ‍ർതിരിച്ചിട്ടുണ്ട്. ​‍​ഗ‍ർഭിണികൾ, പ്രായമായവ‍ർ, കുട്ടികൾ എന്നിവരാണ് ആദ്യമെത്തേണ്ടത്. ഇതനുസരിച്ചാണ് സ‍ർക്കാ‍ർ ക്രമീകരണം ഒരുക്കുന്നത്. എന്നാൽ അത്ര അത്യാവശ്യമില്ലാത്ത പലരും ഈ ക്രമീകരണം ദുരുപയോ​​ഗം ചെയ്യുന്നു. ഇതു കാരണം മുൻ​ഗണന ലഭിക്കേണ്ടവ‍ർ കുടുങ്ങി പോകുന്നു. അതിന് ഔദ്യോ​ഗികസംവിധാനവുമായി സഹകരിക്കാൻ എല്ലാവരും തയ്യാറാക്കണം. ആരും ഇപ്പോൾ ഉള്ളിടത്ത് തന്നെ അനന്തമായി കുടുങ്ങി കിടക്കാൻ പോകുന്നില്ല അവർക്ക് നാട്ടിലെത്താനുള്ള സൗകര്യം ഒരുങ്ങുന്നുണ്ട്. പ്രയാസങ്ങളുണ്ടാവും എന്നാൽ അനാവശ്യമായ തിക്കും തിരക്കും അപകടം വിളിച്ചു വരുത്തും.

വിദേശത്ത് നിന്നും അടക്കം നാട്ടിലെത്തുന്ന എല്ലാവരുടേയും വിവരങ്ങൾ പൊലീസും ആരോ​ഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സൂക്ഷിക്കണം. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള യാത്രകൾ ആരംഭിച്ചിട്ടുണ്ട്. ഇതു ആ‍ർക്കും ​ഗുണം ചെയ്യില്ല. ലോക്ക് ഡൗണിലെ ഇളവ് മൂലം പൊതുവിൽ ചലനാത്മകതയുണ്ടായത് നല്ലതാണ്. പക്ഷേ ഇതൊന്നും കൈവിട്ടു പോകാൻ പാടില്ല. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോ​ഗ്യവകുപ്പും കാര്യക്ഷമമായി ഇടപെടണം. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണം വേണം.

ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്കും ആവശ്യാനുസരണം വിതരണം ചെയ്യും. മരുന്നുക്ഷാമം പരിഹരിക്കാൻ ഇടപെടും. റോഡരികിൽ തട്ടുകടകൾ തുടങ്ങിയിട്ടുണ്ട്. അവയിൽ ചിലയിടത്ത് ആളുകൾ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അം​ഗീകരിക്കാനാവില്ല. പാഴ്സൽ സൗകര്യം മാത്രമേ ഭക്ഷണശാലകൾക്ക് അനുവദിച്ചിട്ടുള്ളൂ.

ചില സ്വകാര്യ ട്യൂഷൻ സെന്റ്റുകൾ പ്രവ‍ർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷൻ സെന്ററും ആരംഭിക്കാൻ പാടുള്ളൂ. ആശുപത്രികളിൽ തിരക്ക് വ‍ർധിക്കുന്ന നിലയുണ്ട് അതിനെ നിയന്ത്രിക്കും.

എയ്ഡ്സ് ബാധിതരുടെ പെൻഷൻ മുടങ്ങിയ പ്രശ്നം പരിഹരിക്കും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വിഷയത്തിൽ ഇടപെടണം. ഒന്നിലേറെ നിലകളുള്ള തുണിക്കടകളും ഇനി പ്രവ‍ർത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവക്കാ‍ർക്കും ഇളവ് ബാധകമാണ്. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിം​ഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂ‍ർണമായും ഒഴിവാക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാ‍ർത്ഥികളെ എത്തിക്കാൻ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകൾ തുറന്ന് പ്രവ‍ർത്തിപ്പിക്കാം. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ നാളെ വൈകിട്ട് ആറിന് ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടും. 1304 യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 971 പേ‍ർ ദില്ലിയിൽ നിന്നും 333 പേ‍ർ യുപി, ജമ്മു കാശ്മീ‍ർ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ്. ബെ​ഗംളൂരുവിൽ നിന്ന് മറ്റന്നാൾ മുതൽ കേരളത്തിലേക്ക് ദിവസവും നോൺ എസി ചെയ‍ർ കാറുണ്ടാവും.

നാട്ടിലേക്ക് തിരികെ പോകണം എന്ന് ആവശ്യപ്പെട്ട് മുന്നൂറോളം അതിഥി തൊഴിലാളികൾ കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിലെത്തി ബഹളം വയ്ക്കുന്ന സ്ഥിതിയുണ്ടായി. പാളത്തിലൂടെ നടന്നാണ് ഇവ‍ർ സ്റ്റേഷനിലെത്തിയത്. യുപി, ബീഹാ‍ർ സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ച് കെഎസ്ആ‍ർടിസി ബസുകളിൽ തിരിച്ച് താമസസ്ഥലത്തേക്ക് അയച്ചു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം അതിഥി തൊഴിലാളികളുടെ ക്യാംപിലെത്തി സുഖാന്വേഷണം നടത്തുന്നുണ്ട്. തിരികെ പോകേണ്ടവർക്ക് ട്രെയിൻ ലഭ്യമാകുന്ന മുറയ്ക്ക് പോകാനാവസരം നൽകുന്നുണ്ട്. കോഴിക്കോട് നിന്നും ഒഡീഷയിലേക്ക് സൈക്കിളോടിച്ച് പോയവരെ പൊലീസ് പിടികൂടി തടഞ്ഞു.

പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ മേൽനോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹ‍ർഷിത അട്ടല്ലൂരിയെ ഏൽപിച്ചു. മാസ്ക് ധരിക്കാത്ത 2036 പേ‍ർക്കെതിരെ ഇന്ന് കേസെടുത്തു. ക്വാറൻ്റൈൻ ലം​ഘിച്ചതിന് 14 കേസുകളും രജഡിസ്റ്റ‍ ചെയ്തു.

പ്രവാസികളായ വിദ്യാ‍ർത്ഥികൾക്ക് ജൂൺ 26-ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. യാത്രാവിലക്കുള്ളതിൽാൻ ഇവിടെ വന്ന് പരീക്ഷ എഴുതാനാവില്ല. മലയാളികളേറെയുള്ള യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവ​ദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചു.

കേരളത്തിലേക്ക് മടങ്ങാനാ​ഗ്രഹിക്കുന്ന മറുനാടൻ മലയാളികളെ സഹായിക്കാൻ ഒരുലക്ഷം രൂപ വരെയുള്ള സ്വ‍ർണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കും. ആദ്യം നാല് മാസം മൂന്ന് ശതമാനമായിരിക്കും പലിശ. ജോലി നഷ്ടമായി വന്ന നോർക്ക റൂട്ട്സ് കാ‍ർഡുള്ളവർക്കും സ്വർണപണയ പദ്ധതിക്ക് അർഹതയുണ്ടാവും. പ്രവാസിചിട്ടി പദ്ധതിയിലെ അം​ഗങ്ങൾക്ക് മൂന്ന് ശതമാനം പലിശയ്ക്ക് ഒന്നരലക്ഷം വരെ വായ്പ നൽകും. പതിനായിരം രൂപ വരെയുള്ള സ്വ‍ർണപണയവായ്പ നിലവിലെ പലിശ നിരക്കിൽ നിന്നും ഒരു ശതമാനം കുറച്ച് 8.5 പലിശ നിരക്കിൽ ലഭ്യമാകും. ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതിയും കെഎസ്എഫ്ഇ നടപ്പാക്കും. കാലാവധി 24 മാസമായിരിക്കും. 11.5 ശതമാനം പലിശയിൽ ഡെയിലി ഡിമിനിഷിംദ​ഗ് രീതിയിലാണ് പദ്ധതി. കൃത്യമായി അടച്ചാൽ പലിശ 11 ശതമാനമാകും. എഫ്ഡി, ബാങ്ക് ​ഗ്യാരണ്ടി, സ്വര‍ണം എന്നിവയ്ക്ക് ജാമ്യം നൽക്കുന്നവർക്ക് 10. 5 ശതമാനം പലിശ.

വ്യാപാരികൾക്ക് രണ്ട് വ‍ർഷം കാലാവധിയുള്ള ​ഗ്രൂപ്പ് വായ്പ പദ്ധതി. ഒരോ​ ​ഗ്രൂപ്പിലും ഇരുപത് പേ‍ർ വീതമുണ്ടാക്കും. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. നാല് മാസങ്ങൾക്ക് ശേഷം ആവശ്യക്കാർക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാ​ഗമായുള്ള തുക മുൻകൂറായി നൽകും. നാല് മാസത്തിന് ശേഷം തുക കൈപ്പറ്റുന്നവർക്ക് നേരത്തെ തുക കൈപ്പറ്റിയവരേക്കാൾ അധികം തുക ലഭിക്കും. ജൂൺ 30 വരെ കെഎസ്എഫ്ഇ എല്ലാ കുടിശ്ശിക ജപ്തി നടപടികളും നിർത്തും. കുടിശ്ശിക ഇളവ് പദ്ധതി ജൂൺ മുപ്പത് വരെ നീട്ടി.

സംസ്ഥാന സർക്കാരിൻ്റെ നിർദേശ പ്രകാരം ജില്ലാ ദുരന്തനിവാരണഅതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷൻ ത്രൂ പദ്ധതി കൊച്ചിയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കാനാണ്. കൊച്ചിയിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരമേക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടരാനാണ് തീരുമാനം. 25 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകി. രണ്ട് ​ഘട്ടമായി നടപ്പാക്കേണ്ട പദ്ധതിരേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കി. പൊതുജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മാർച്ച് 31-നകം പദ്ധതി തീർക്കാൻ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് ലോക്ക് ഡൗൺ കാരണം അതു നീണ്ടു പോയി. ഇപ്പോൾ പദ്ധതി നിർമ്മാണം തുടരുകയാണ്. മെയ് 31-നകം ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ ജനങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും ശ്വാശത പരിഹാരമുണ്ടാകുന്ന തരത്തിൽ പദ്ധതി പൂർത്തിയാക്കാൻ നിർദേശം നൽകി.

ദേശീയപാതയിൽ തലപ്പാടി-ചെങ്കളം റീച്ചിലെ പദ്ധതിക്ക് പിന്നാലെ ചെങ്കളം-നീലേശ്വരം റീച്ചിൻ്റെ വികസനത്തിനും സ്റ്റാൻഡിം​ഗ് ഫിനാൻസ് കമ്മിറ്റിയുടെ അം​ഗീകാരം ലഭിച്ചു. 36.28 കിമീ ദൂരം ആറ് വരിയാക്കി വികസിപ്പിക്കാനാണ് പദ്ധതി. 1927 കോടി രൂപയാണ് പദ്ധതി ചിലവ്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 40 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

ജൂൺ ഒന്നു മുതൽ സ്കൂൾ അധ്യാപകർക്ക് വിക്ടേഴ്സ് ചാനൽ വഴി പരിശീലനം നൽകുന്നും. വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസ് നൽകും. എല്ലാ കേബിൾ-ഡിടിഎച്ച് സേവനദാതാക്കളും വിക്ടേഴ്സ് ചാനൽ ലഭ്യമാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.