1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 3 നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ലോകം മുഴുവന്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ കാസര്‍കോട് 7, തൃശ്ശൂര്‍, , കണ്ണൂര്‍, ഓരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 206 പേര്‍ ഇതുവരെ വിദേശത്ത് നിന്ന് വന്നവരാണ്. ഇന്ന് പതിനാല് പേര്‍ക്ക് രോഗം ഭേദമായി കണ്ണൂര്‍ 5 പേര്‍, കണ്ണൂര്‍ 3 പേര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേരും പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ ഒരാള്‍ എന്നിവരാണ് രോഗം ഭേദമായത്. ഇതില്‍ കൊവിഡ് ബാധിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെയും രോഗം ഭേദമായി.

കൊവിഡ് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. റാന്നി സ്വദേശികളായ 95 വയസുള്ള തോമസും 88 വയസുള്ള മറിയാമ്മയുമാണ് ഡിസിചാര്‍ജായത്. കോട്ടയം മെഡിക്കല്‍ കോളെജിലാണ് ഇവരെ ചികിത്സിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികളായിരുന്നു ഇവര്‍.

ഇറ്റലിയില്‍നിന്നെത്തിയ കുടുംബത്തിന്റെ മാതാപിതാക്കളാണ് ഇവര്‍. ലോകത്തൊട്ടാകെ ആറുപത് വയസിന് മുകളില്‍ കൊവിഡ് ബാധിച്ചവരെ രക്ഷപെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഈ ദമ്പതികള്‍ക്ക് രോഗം ഭേദമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായിരിക്കുകയാണ്.

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. അത്യാവശ്യവാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്നും എല്ലാ വാഹനങ്ങളും തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി വേണമെന്നും ജസ്റ്റീസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ ആണെങ്കിലും അത്യാവശ്യവാഹനങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതി രൂപികരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ചീഫ് സെക്രട്ടറിമാര്‍ സമിതിയിൽ അംഗങ്ങളായിരിക്കണം.

സംസ്ഥാനത്തിനായുള്ള കൊറോണ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം. സംസ്ഥാനത്ത് എത്തിയ കിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി.

ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ സംസ്ഥാനത്തേക്കെത്തിച്ചത്. ബാക്കി രണ്ടായിരം കിറ്റുകള്‍ തിങ്കളാഴ്ച എത്തും. ഐ.സി.എം.ആര്‍ അംഗീകാരമുള്ള പൂനെയിലെ മൈലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്. നിലവില്‍ ആറം ഏഴും മണിക്കൂര്‍ വരെയാണ് പിരശോധനാ ഫലം വരുന്നതിനായി കാത്തിരിക്കേണ്ടിവരുന്നത്. ഫലം വേഗത്തില്‍ ലഭ്യമാകുന്നതോടം സമൂഹവ്യാപനമടക്കമുള്ളവ കണ്ടെത്താനാവും.

ലോക്ക്ഡൗൺ അവസാനിച്ചതിനു ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാർ 17 അംഗ സമിതി രൂപവത്കരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം അബ്രാഹമാണ് സമിതി കൺവീനർ. സമിതിയുടെ ശുപാർശ പ്രകാരം തുടർ നിയന്ത്രണങ്ങൾ തീരുമാനിക്കും.

ഏപ്രിൽ 14നാണ് ലോക്ക്ഡൗൺ അവസാനിക്കുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇത്തരത്തിൽ സമിതി രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായിനടത്തിയ വീഡിയോ കോൺഫറൻസിൽ നിർദേശം നൽകിയിരുന്നു. ഇതിൻപ്രകാരമാണ് സമിതി രൂപവത്കരിച്ചത്.

ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ സ്വദേശത്തേക്ക് യാത്രയാക്കി. കേരളത്തില്‍ ആയുര്‍വേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി എത്തിയ 48 ഒമാന്‍ സ്വദേശികളാണ് ഒമാൻ എയർ വിമാനത്തിൽ ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ടത്. മാർച്ച് ആദ്യ ആഴ്ച സംസ്ഥാനത്ത് എത്തിയതായിരുന്നു ഇവർ. ലോക്ക് ഡൗണിനെ തുടർന്ന് തിരിച്ച് പോകാനാകാതെ വരികയായിരുന്നു.

ഇവരെ തിരികെ സ്വദേശത്തേക്ക് എത്തിക്കാൻ ഒമാൻ എംബസി ഇടപെട്ടതിനെ തുടർന്ന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് ഇവരുടെ തിരിച്ച് പോക്കിന് വഴിയൊരുങ്ങിയത്. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും മെഡിക്കൽ ചെക്കപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഇവരെ വിമാനത്താവളത്തിൽ എത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.