1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചതുകൊണ്ടാണ് മരിച്ച നേഴ്‌സ് അംബികയ്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ് മരിച്ച അംബിക.

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയായ കാല്‍റാ ആശുപത്രിയിലെ നേഴ്‌സായിരുന്നു അംബിക. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന ആദ്യത്തെ നേഴ്‌സാണ് 46 കാരിയായ അംബിക. സഫ്ദര്‍ജംഗ് ആശുപത്രിയില്‍വെച്ചാണ് അംബിക മരിക്കുന്നത്. മേയ് 21 നാണ് സഫ്ദര്‍ജംഗില്‍ അംബികയെ അഡ്മിറ്റ് ചെയ്തത്.

ഡ്യൂട്ടി സമയത്ത് പി.പി.ഇ കിറ്റുകള്‍ പുനരുപയോഗിക്കാന്‍ നിര്‍ബന്ധതിരാകാറുണ്ടെന്ന് കാല്‍റാ ആശുപത്രിയിലെ ജീവനക്കാര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.

“ഡോക്ടര്‍മാര്‍ക്ക് പുതിയ പിപി.ഇ കിറ്റുകള്‍ നല്‍കുമ്പോള്‍ നേഴ്‌സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പറയാറുണ്ട്. ഞങ്ങള്‍ തിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇത് കൊവിഡ് ആശുപത്രി അല്ലാത്തതിനാല്‍ അപകടസാധ്യ ഇല്ലെന്നും പറഞ്ഞ് ഉപയോഗിച്ച പി.പി.ഇ കിറ്റ് തന്നെ വീണ്ടും ഉപയോഗിക്കാന്‍ പറയും,” കാല്‍റ ആശുപത്രിയിലെ ഒരു മുതിര്‍ന്ന നേഴ്‌സ് പറഞ്ഞു.

എന്നാല്‍ ആശുപത്രി ഉടമ ഡോ. ആര്‍.എന്‍ കാല്‍റ ആരോപണങ്ങള്‍ നിഷേധിച്ചു. എല്ലാവര്‍ക്കും ആവശ്യത്തിന് പി.പി.ഇ കിറ്റുകള്‍ നല്‍കാറുണ്ടെന്നും ഇത് സംബന്ധിച്ച് ജീവനക്കാരില്‍ നിന്ന് തനിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും കാല്‍റാ പറഞ്ഞു.

അതേസമയം ആശുപത്രിയിലെ അവസാന ദിവസം അംബിക നേഴ്‌സിംഗ് ഇന്‍ ചാര്‍ജിലുള്ള ആളുമായി പുതിയ പി.പി.ഇ കിറ്റുകളും മാസ്‌കും കിട്ടാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് അംബികയുമായി അടുത്ത ബന്ധമുള്ള ഒരു നേഴ്‌സ് പറഞ്ഞു. അംബികയുടെ കൂടെ ഐ.സി.യുവില്‍ ജോലിചെയ്യുന്ന മറ്റൊരു നേഴ്‌സും ഇത് ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്.

“മേയ് 18വരെ അംബിക ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. രാവിലത്തെ ഷിഫ്റ്റായിരുന്നു അംബിക ചെയ്തത്. സുഖമില്ലാത്തതിനെ തുടര്‍ന്ന് രാത്രി ഷിഫ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. രാത്രി അവള്‍ക്ക് പനിയുണ്ടായിരുന്നു. കഠിനമായ തൊണ്ട വേദനയും ശരീര വേദനയും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളവളോട് വിശ്രമിക്കാന്‍ പറഞ്ഞു. മേയ് 19 നും അവള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മേയ് 21 ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊണ്ടുപോയി,” അംബികയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു നേഴ്‌സ് പറഞ്ഞു.

ഉപയോഗിച്ച പിപി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി പറഞ്ഞെന്നും മാസ്‌കുകള്‍ക്ക് പണം ഇടാക്കുന്നുണ്ടെന്നും അംബിക പറഞ്ഞതായി അംബികയുടെ മകന്‍ പറഞ്ഞു.

“എന്റെ അമ്മയുടെ അവസ്ഥ വളരെ പെട്ടന്നായിരുന്നു വഷളായത്. എത്രയും വേഗം അമ്മയെ ഇവിടെ എത്തിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി നിര്‍ബന്ധിക്കുന്നുണ്ടെന്നും മാസ്‌കുകള്‍ക്ക് പണം ഈടാക്കുന്നുണ്ടെന്നും അമ്മ പറഞ്ഞിരുന്നു. ഞാന്‍ അമ്മയോട് വീട്ടില്‍ തന്നെ തുടരാന്‍ പറഞ്ഞു, പക്ഷേ അമ്മ എന്റെ വാക്കു കേട്ടില്ല. ജോലി തുടര്‍ന്നു, ഇപ്പോള്‍ അമ്മ പോയി,” അംബികയുടെ മകന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.