1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവഴിച്ച് മോഹന്‍ലാല്‍. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാരുമായാണ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടായാണ് ആരോഗ്യ വകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പടേയുള്ള 250-ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരോ ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇത്തരമൊരു അവസരം വന്നു ചേര്‍ന്നത് ജീവിതത്തിലെ വലിയ കാര്യമായി കാണുന്നവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജ്ജം വളരെ വിലപ്പെട്ടതാണ്. ലഭിക്കുന്ന സാഹചര്യത്തില്‍ ഭഗീരത പ്രയത്നം നടത്തുന്ന ഇവര്‍ നമുക്ക് അഭിമാനമാണ്. രോഗികള്‍ക്ക് ഇവര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖല ചെയ്തു തരാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഇനിയും തുടരണം. ലോക ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം ഉയരുകയാണ്. ആശുപത്രികളില്‍ അഹോരാത്രം പണിയെടുക്കുന്ന ശൂചീകരണ തൊഴിലാളികള്‍ മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകനാണ് അതിന് പിന്നിലെന്നും മോഹന്‍ലാല്‍ പറഞ്ഞു. “ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…,” എന്ന ഗാനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മോഹല്‍ലാല്‍ പാടി.

ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ബിഗ് സല്യൂട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. കുടുംബവും കുട്ടികളും എല്ലാം മാറ്റിവച്ച് അഹോരാത്രം നമ്മുടെ എല്ലാവരുടേയും ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.