1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഭീതി മൂലം സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാഭ്യസവകുപ്പിൻ്റെ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. വിക്ടേഴ്സ് ചാനലിലൂടേയും യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലൂടേയും ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ഈ ആഴ്ച ട്രയൽ റൺ നടത്തിയ ശേഷം അടുത്ത ആഴ്ചയോടെ വിപുലമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാനാണ് അധികൃത‍ർ ആലോചിക്കുന്നത്. ഫസ്റ്റ് ബെൽ എന്ന പേരിലാണ് പ്രത്യേക ഓൺലൈൻ ക്ലാസ് പരിപാടി നടത്തുന്നത്.

പുതിയ ഒരു രീതിയാണ് നടപ്പാക്കുന്നത് എന്നതിനാൽ ആളുകൾക്ക് സംശയങ്ങളും ആശങ്കകളുമുണ്ടെങ്കിലും പതിയെ എല്ലാവരും ഈ രീതിയുമായി പൊരുത്തപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ കെ.ജീവൻ ബാബു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുടുംബശ്രീ, അയൽക്കൂട്ടം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മറ്റു സന്നദ്ധ സം​ഘടനകൾ എന്നിവയുടെ സഹായത്തോടെ എല്ലാവ‍ർക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്നും ജീവൻ ബാബു അറിയിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ സിലബസിനെ മാറ്റിയെടുത്താണ് ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് കൈറ്റ്സ് മേധാവി അൻവ‍ർ സാദത്ത് പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്ഫോമുകളിലും ഇതിനോടകം കൈറ്റ്സ് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അൻവ‍ർ സാദത്ത് അറിയിച്ചു.

“പൊതുവിദ്യാഭ്യാസവകുപ്പിനെ സംബന്ധിച്ചിടത്തോളം എസ്എസ്എൽസി-ഹയ‍ർസെക്കൻ‍ഡറി പരീക്ഷകൾ ഇന്നലെ പൂ‍ർത്തിയായി. ഇനി ഞങ്ങൾ കാലെടുത്ത് വയ്ക്കുന്നത് ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിലേക്കാണ്. കൊവിഡ് ഭീഷണിക്കിടയിലും കുട്ടികളുടെ അധ്യയനം മുടങ്ങരുത് എന്ന നിലയിലാണ് ഓൺലൈൻ പഠനക്ലാസുകളിലേക്ക് നാം പോകുന്നത്. സ്കൂൾ വിദ്യാഭ്യസത്തിന് പകരമല്ല ഒരിക്കലും ഓൺലൈൻ ക്ലാസുകൾ അതേസമയം നാളെ സ്കൂളുകൾ തുറക്കുന്ന ഘട്ടത്തിൽ വലിയ പഠനഭാരം കുട്ടികളിൽ ഇല്ലാതിരിക്കാൻ ഓൺലൈൻ പഠനക്ലാസുകൾ സഹായിക്കും. പ്ലസ് വൺ ഒഴികെ ഒന്നു മുതൽ പ്ലസ് ടുവരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടക്കും.

സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സാഹചര്യത്തിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. കടന്നുവരുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സ്വയം ശക്തിപ്പെടുക എന്നത് പ്രധാനമാണ്. ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായ ലോകത്തിലേക്ക് ജീവിതം മാറുമ്പോൾ പലകാര്യങ്ങളിലും മാറ്റം വരും. ഇതു തന്നെയാണ് സ്കൂൾ വിദ്യാഭ്യാസത്തിലും കടന്നു വരുന്നത്. അധ്യാപക‍ർക്കും വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ഓൺലൈൻ ക്ലാസുകളുടെ പ്രസക്തി..

ഓൺലൈൻ ക്ലാസുകൾ പുതിയ രീതിയായതിനാൽ തീ‍ർച്ചയായും വ്യാപകമായി ആശങ്കയും സംശയങ്ങളും നിലവനിൽക്കുന്നുണ്ട്. എന്നാൽ പുതിയൊരു സാങ്കേതിക വിദ്യയെ പരിചയപ്പെടുമ്പോൾ ഉണ്ടാകുന്ന സാധാരണരീതിയിലുള്ള പ്രശ്നങ്ങൾ മാത്രമാണ് ഇത്. ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ സാധ്യതയില്ലാത്ത ഒരുവിഭാ​ഗം കുട്ടികളും കേരളത്തിലുണ്ടാവും. അവരുടെ കണക്ക് വിദ്യഭ്യാസവകുപ്പ് ശേഖരിച്ച് കൊണ്ടിരികക്കുയാണ്. ഇതുവരെ ഈ രണ്ട് ലക്ഷം വിദ്യാർത്ഥികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിലൊരു സ്മാ‍ർട്ട് ഫോണുണ്ടെങ്കിൽ ഏത് വിദ്യാ‍ർത്ഥിക്കും ഓൺലൈൻ ക്ലാസിലിരിക്കാം. – കെ.ജീവൻ ബാബു – പൊതുവിദ്യാഭ്യാസ ഡയറക്ടർ

അരമണിക്കൂ‍ർ വീതമുള്ള ക്ലാസുകളാണ് ഓൺലൈനായി വരിക. വിവിധ വിഷയങ്ങളിലായി ക്ലാസുണ്ടാവും. പന്ത്രണ്ടാം ക്ലാസിന് നാല് ക്ലാസുകൾ രണ്ട് മണിക്കൂറും പത്താം ക്ലാസിന് ഒന്നരമണിക്കൂറിൻ്റെ മൂന്ന് ക്ലാസുകളും ഉണ്ടാവും. ഹൈടെക് ലാബുകളും മറ്റും വ്യാപകമായതോടെ കുട്ടികൾക്ക് ഓൺലൈൻ പഠനരീതി പരിചയമുണ്ട്. സ്കേ‍‍ർട്ട് പരിശോധിച്ച ശേഷമാണ് സിലബസ് നിശ്ചയിച്ചിരിക്കുന്നത്. പാഠഭാ​ഗങ്ങൾ അതീവ ലളിതമായാണ് തയ്യാറാക്കിയിരിക്കുന്നത്,” കൈറ്റ്സ് ഡയറക്ട‍ർ അൻവ‍ർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു​പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ആദ്യ ആഴ്ച പരീക്ഷണ സംപ്രേക്ഷണമായതിനാല്‍ ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ എട്ടിന്​ പുനഃസംപ്രേക്ഷണം ചെയ്യും. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ ഇൻറര്‍നെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്കൂളുകളി‍ല്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സംപ്രേക്ഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‍ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.