1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2020

സ്വന്തം ലേഖകൻ: സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. പതിനൊന്ന് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഭരണപരമായ മാറ്റങ്ങള്‍ക്കായി മൂന്ന് പദ്ധതികളും കാര്‍ഷിക അനുബന്ധ മേഖലകള്‍, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം എന്നിവയിലാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്രം എടുത്ത നടപടികളും ധനമന്ത്രി വിശദീകരിച്ചു. പി.എം കിസാന്‍ ഫണ്ട് വഴി 18, 700 കോടി കൈമാറി. താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കി. പി.എം ഫസല്‍ ഭീമാ യോജനയില്‍ രണ്ട് മാസത്തിനിടെ 6400 കോടി രൂപ കൈമാറി.

ക്ഷീര കര്‍ഷകരില്‍ നിന്ന് 111 കോടി ലിറ്റര്‍ പാല്‍ അധികം സംഭരിച്ചെന്നും പാലിന്റെ വില്‍പ്പനയിലെ കുറവ് നികത്താനായിരുന്നു ഇതെന്നും 4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യബന്ധന മേഖലയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്കാണ്. ഒരു ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ചിലവാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

സബ്‌സിഡിയോടെ ക്ഷീരസഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക. ഇതിനൊപ്പം ചെമ്മീന്‍ പാടങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാനും തീരുമാനമായി.

ഭക്ഷ്യമേഖലയിലെ ചെറുകിട ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് പതിനായിരം കോടി അനുവദിക്കും. സ്ത്രീകളുടെ സംരംഭങ്ങള്‍ക്കും അസംഘടിത മേഖലയിലെ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കും മുന്‍തൂക്കും നല്‍കും. ഇവരുടെ ഉത്പ്പന്നങ്ങള്‍ ആഗോള ബ്രാന്റ് ആക്കി മാറ്റാനുള്ള സഹായം നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഇവയുടെ കയറ്റുമതിക്കും സര്‍ക്കാര്‍ സഹായം നല്‍കും. പദ്ധതി നടപ്പാക്കുക ക്ലസ്റ്റര്‍ അധിഷ്ടിതമായിട്ടാവും. സംരംഭങ്ങളുടെ വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് 20000 കോടി രൂപ അനുവദിക്കും. 9000 കോടി രൂപ മേഖലയിലെ അടിസ്ഥാന വികസന സൗകര്യത്തിന് നല്‍കും. ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിന് പ്രോത്സാഹനം നല്‍കും. പദ്ധതി നടപ്പാക്കുക പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന വഴിയായിരിക്കും.

മൃഗസംരക്ഷണ മേഖലയ്ക്ക് 13343 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും രാജ്യത്തെ 53 കോടി കന്നുകാലിക്ക് രോഗപ്രതിരോധ കുത്തിവെപ്പുകള്‍ ഉള്‍പ്പെടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്നര കോടി മൃഗങ്ങള്‍ക്ക് നിലവില്‍ തന്നെ കുത്തിവെപ്പുകള്‍ നല്‍കി കഴിഞ്ഞു. പശുക്കളുടെ കുളമ്പുരോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതിയായിട്ടാണ് ഇത് പരിഗണിക്കുന്നത്. രാജ്യത്തെ എല്ലാ പശുക്കള്‍ക്കും കുത്തിവെപ്പ് എടുക്കും.

മൃഗസംരക്ഷണ പരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15000 കോടി രൂപ അനുദിക്കും. ക്ഷീര ഉത്പ്പന്നങ്ങളുടെ പ്രോസസിങ്ങിനായിരിക്കും തുക ഉപയോഗിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

ആര്‍ക്കും പണം നേരിട്ട് നല്‍കാനുള്ള പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 15000 കോടി തുക ക്ഷീരോല്‍പ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.

തേനീച്ച വളര്‍ത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കര്‍ഷകരെയെല്ലാം ബാധിച്ചു. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പ്രാദേശിക വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ഒപ്പം ആഗോള വിപണിയും ഉത്പാദകര്‍ക്ക് മുന്നില്‍ തുറന്നിടുക, യൂണിറ്റുകളുടെ വരുമാനം വര്‍ധിപ്പിക്കുന്ന എന്നതെല്ലാം ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.