1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ ഇന്ത്യയിലെ വിമാന സര്‍വീസുകളും നീട്ടിവച്ചു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും.

വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. കേന്ദ്രം സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും മെയ് 3ന് ശേഷം മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രി മോദി ലോക്ക് ഡൗണ്‍ മെയ് 3വരെ നീട്ടിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. മെയ് മൂന്ന് രാത്രി 11.59 വരെയാണ് സസ്‌പെന്റ് ചെയ്തതെന്നും മന്ത്രാലയം വിശദീകരിച്ചു.

കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കനത്ത പ്രതിസന്ധി നേരിടുകയാണ് വ്യോമയാന മേഖല. ഒട്ടേറെ വിമാന കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പല കമ്പനികളും ശമ്പളം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയത് മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാകും.

വിമാനം ഭാഗികമായി സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 19 ദിവസം കൂടി ഇനി കാത്തിരിക്കണം. അതിന് ശേഷം സാഹചര്യം പരിശോധിച്ച ശേഷമേ സര്‍വീസ് ആരംഭിക്കൂ.

ചില വിമാന കമ്പനികള്‍ സീറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ടിക്കറ്റ് റദ്ദാക്കുമെന്ന ഉപാധിയോടെയായിരുന്നു നടപടി. സൗജന്യ ബുക്കിങ് ആണ് ആരംഭിച്ചിരുന്നത്. ഏപ്രില്‍ 14ന് ശേഷം ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ഒഴികെയുള്ള ചില വിമാന കമ്പനികള്‍ വാര്‍ത്താ ഏജന്‍സികളോട് പറയുകയും ചെയ്തിരുന്നു.

അതേസമയം, വിമാന സര്‍വീസ് ആരംഭിക്കാത്തത് ഏറ്റവും തിരിച്ചടിയാകുന്നത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഒരു വിഭാഗം പ്രവാസികൾക്കാണ്. ഇവരെ നാട്ടിലെത്തിക്കണമെങ്കില്‍ വിമാന സര്‍വീസ് ആരംഭിക്കണം. അതിന് ശേഷമേ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ട്രെയിനുകള്‍ മെയ് മൂന്നാം തീയതി വരെ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ഐആര്‍സിടിസി (IRCTC) ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ടിക്കറ്റ് ബുക്കിങ് റെയില്‍വെ റദ്ദാക്കുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാര്‍ത്തകളും റെയില്‍വേ തള്ളിയിട്ടുണ്ട്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരണം. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നുമാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ട്രെയിന്‍ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും.

“ഇത്തരത്തില്‍ അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. ട്രെയിന്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടാല്‍ അക്കാര്യം അറിയിക്കുന്നതാണ്,” ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതോടൊപ്പം കൊറോണ ചികിത്സയ്ക്ക് റെയില്‍വേയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ കോച്ചുകളാക്കി മാറ്റാനുള്ള പദ്ധതികളും അവസാന വഴിയിലാണ്.

നോണ്‍ എസി കോച്ചുകളായിരിക്കും ഐസോലേഷന്‍ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക. ഈ കോച്ചുകളില്‍ ചെറിയ ക്യാബിനുകളായി തിരിക്കും. ഓരോ ക്യാബിനിലും ഒരു രോഗിയെ ഉള്‍ക്കൊള്ളുന്നവിധമാകും സജ്ജീകരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.