1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നത്.

ലോക്ക്ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക്ഡൌൺ അഞ്ചാം ഘട്ട പ്രഖ്യാപനം മന്‍കീ ബാത്തിലൂടെ നടത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

നാലാം ഘട്ട ദേശീയ ലോക്ക്ഡൌൺ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. അതേ നിലപാട് അഞ്ചാം ഘട്ടത്തിലും തുടരുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ ലോക്ക്ഡൌൺ പ്രഖ്യാപിച്ചാലും പ്രത്യേക മേഖലകളിലെ ഇളവ് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

മെട്രോ സര്‍വീസുകള്‍ക്ക് ഇത്തവണ അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ സാധ്യതയില്ല. ഇതിനൊപ്പം തന്നെ ജിമ്മുകളും ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ അനുമതി ചോദിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കും. എന്നാല്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും മാത്രമേ പൊതുയിടങ്ങളില്‍ ആളുകള്‍ ഇറങ്ങാവൂ എന്ന കര്‍ശന നിര്‍ദേശം തുടരും.

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അതേസമയം അഞ്ചാം ഘട്ട ലോക്ക്ഡൌൺ ഇന്ത്യയിലെ 11 സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകുമായേക്കുമെന്ന തരത്തിലുള്ള സൂചനകളും ലഭിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലായിരിക്കും ലോക്ക്ഡൗണ്‍ നടപ്പിലാക്കുക. ദല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നെ, അഹമ്മദാബാദ്, ജയ്പൂര്‍, സൂറത്ത്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.