1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

“ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു,” ട്രംപ് ട്വീറ്റ് ചെയ്തു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച് ട്രംപ് കൂട്ടിച്ചേർത്തു.

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്‍ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

കോവിഡിനെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഘടകപദാര്‍ഥങ്ങള്‍ അയച്ചു തന്ന ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍.

“ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. കോവിഡ് രോഗികളെയും മലേറിയ ആര്‍ത്രൈറ്റിസ് രോഗികളെയും ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും,” ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ പറഞ്ഞു.

ബ്രസീല്‍ ജനതയെ സമയോചിതമായി സഹായിച്ച ഇന്ത്യന്‍ ജനതക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ അവസരത്തില്‍ താന്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും ബ്രസീല്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കോവിഡ് രോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ മരുന്ന് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ സഹായം തേടി അമേരിക്ക, ബ്രസീല്‍, ശ്രീലങ്ക തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ മുന്നോട്ടു വന്നത്.

29 മില്ല്യൺ ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളാണ് ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.