1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2020

സ്വന്തം ലേഖകൻ: വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത് പിടിച്ചു നിർത്താനായതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. രാജ്യത്ത് ഇന്നലെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . വടക്കൻ അയർലൻഡിൽ നിന്ന് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രണ്ടു മാസത്തിനിടെ ആദ്യമായാണ് സംഖ്യകൾ ഇത്രയും കുറയുന്നത്.

രാജ്യത്തെ ആകെ മരണസംഖ്യ 37,048 ആയി. എന്നാൽ ഇതിനേക്കാൾ പതിനായിരം കൂടുതലാണ് യഥാർഥ മരണമെന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കോവിഡ് രോഗികളിൽ മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്യൂൻ പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന സസ്പെൻഡ് ചെയ്ത നടപടിക്കു പിന്നാലെ എബോളയുടെ മരുന്നായ റെംഡിസൈവർ രോഗികളിൽ പരീക്ഷിക്കാൻ ബ്രിട്ടൻ തീരുമാനിച്ചു.

ചികിൽസയിൽ കഴിയുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കാകും ഇത് പരീക്ഷിക്കുക. ഹൈഡ്രോക്സി ക്ലോറോക്വിൻ ഹൃദ്രോഗത്തിനു കാരണമായേക്കുമെന്ന കണ്ടെത്തലിനെത്തുർന്നാണ് ഇതു പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയത്. എന്നാൽ റെംഡിസൈവർ ഉപയോഗിക്കുന്നത് റിക്കവറി സമയം നാലുദിവസം കണ്ട് കുറയ്ക്കാൻ സഹായിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു.

രണ്ടായിരത്തിനാലു പേരിൽ മാത്രമാണ് ഇന്ന് ബ്രിട്ടനിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ആശുപുത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. 92 ആരോഗ്യ പ്രവർത്തകർ ഇപ്പോഴും ചികിൽസയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 471പേർ മാത്രമാണ് ഇംഗ്ലണ്ടിൽ കോവിഡ് മൂലം ആശുപത്രികളിൽ അഡ്മിറ്റായത്. ഇതുസംബന്ധിച്ച വിവരശേഖരണം തുടങ്ങിയശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്.

ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെ പ്രധാനമന്ത്രി പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് സ്കോട്ട്ലൻഡ് ഓഫിസിന്റെ ചുമതലയുള്ള ഡഗ്ലസ് റോസ് എംപി മന്ത്രിസഭയിൽനിന്നും രാജിവച്ചു. പ്രിയപ്പെട്ടവരുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും ഉറ്റവരുടെ വേർപാടിൽ ഒരുമിച്ചിരുന്ന സങ്കടം പങ്കുവയ്ക്കാൻ കഴിയാതെ പോയവർക്കും ആശുപത്രിയിൽ കഴിയുന്ന ബന്ധുക്കളെ കാണാൻ കഴിയാത്തവർക്കുമൊന്നും മറുപടി നൽകാൻ കമ്മിങ്സ് ഈ സ്ഥാനത്തു തുടരുമ്പോൾ സാധ്യമല്ല.
അതിനാലാണ് വോട്ടർമാരുടെ മുഖത്തുനോക്കാനായി താൻ രാജിവയ്ക്കുന്നതെന്ന് ഡഗ്ലസ് റോസ് വിശദീകരിച്ചു.

ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നവർക്ക് കമ്മിങ്ങ്സിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി രക്ഷപ്പെടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വിമർശനം ഉയർത്തുന്നുണ്ട്. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ 33 എംപിമാർ കമ്മിങ്സിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കമ്മിങ്സിനൊപ്പം ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും പ്രധാനമന്ത്രി ബോറിസ്.

രാജ്യത്തെ പ്രമുഖ ബേക്കറി ചെയിനായ ഗ്രെഗ്സ് രാജ്യത്തെ 800ഔട്ട്‌ലെറ്റുകൾ ജൂൺ ആദ്യവാരം തുറക്കും. ജൂലൈ ആദ്യവാരം ക്വാറന്റീൻ ഇല്ലാതെ അതിർത്തികൾ തുറക്കാൻ തീരുമാനിച്ച സ്പെയിനു പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രാജ്യാന്തര യാത്രകൾക്ക് ഇളവുകൾ പ്രഖ്യാപിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാമുന്നറിയിപ്പുകൾ ജൂൺ 15ന് പിൻവലിക്കാനാണ് ജർമനി ആലോചിക്കുന്നത്.

സ്വീഡൻ, നോർവേ, ഫിൻലൻഡ്, ഐസ്ലൻഡ് എന്നീ നോർഡിക് രാജ്യങ്ങളിൽ നിന്നുള്ള ജീവിതപങ്കാളികൾക്ക് പരസ്പരം യാത്രചെയ്യാൻ ഡെന്മാർക്ക് അനുമതി നൽകി. രോഗബാധ കുറവുള്ള പോർച്ചുഗൽ പോലുള്ള രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിബന്ധനകളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുമായി ഇത്തരം എയർ കോറിഡോറുകൾ സ്ഥാപിക്കുന്നത് ടൂറിസം വ്യവസായത്തെ പിടിച്ചുനിർത്താനും അവധിക്കാലത്ത് യാത്രാസൗകര്യം ഒരുക്കാനും സഹായിക്കുമെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ രാജ്യങ്ങൾ ഇളവുകള്‍ പിൻ‌വലിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.