1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മരണം 40,000 വും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 357 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,261 ആയി. ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകൾ മരിച്ച അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആധികം ആളുകൾ മരിച്ചത് ബ്രിട്ടനിലാണ്.

എന്നാൽ ഇതിനേക്കാൾ പതിനായിരം പേർ കൂടുതൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ മരിച്ചവരേക്കാൾ 61,000 മരണങ്ങൾ ഈ വർഷം കൂടുതലാണെന്നും വിവിധ സർക്കാർ ഏജൻസികൾ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഔദ്യോഗിക കൊവിഡ് കണക്കുകൾ സർക്കാർ തിരുത്തിയേക്കുമെന്നാണ് സൂചന.

വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത് 600ലധികം നഴ്സുമാരാണെന്ന് ഇന്റർനാഷണൽ നഴ്സിങ് കൗൺസിലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. നാനൂറിലേറെ ഡോക്ടർമാരും വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനിൽ മാത്രം പതിനായിരത്തിലധികം ആരോഗ്യപ്രവർത്തകർ രോഗികളാകുകയും മുന്നൂറിലേറെ പേർ മരിക്കുയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

അയർലൻഡിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂന്നാഴ്ചകൊണ്ട് ഘട്ടങ്ങളായി പിൻവലിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ റീട്ടെയിൽ ഷോപ്പുകളും ഈ മാസം അവസാനത്തോടെ ഹോട്ടലുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ലിയോ വർദേക്കർ അറിയിച്ചു.

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈട്രോക്സി ക്ലോറോക്വീൻ കോവിഡ് രോഗികൾക്ക് നൽകിയുള്ള ചികിൽസാപരീക്ഷണങ്ങൾ വിജയകരമല്ലെന്ന് കണ്ടെത്തിയതിനാൽ അടിയന്തരമായി അവസാനിപ്പിക്കാൻ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചു.

പൊതുഗതാഗത സംവിധാനങ്ങളിൽ ഈമാസം 15 മുതൽ മാസ്ക് നിർബന്ധമാക്കുന്ന തീരുമാനം മറ്റ് പൊതുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രമുഖ കാർ നിർമാതാക്കളായ ബെന്റ്ലി 1000 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ഭാവിയിൽ കൂടുതൽ പിരിച്ചുവിടൽ നടപടികൾ ഉണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബ്രിട്ടനിലേക്കു വിദേശത്തുനിന്നും വരുന്നവർക്ക് തിങ്കളാഴ്ച മുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് എയർവെയ്സ്.വ്യോമഗതാഗത മേഖലയെ അപ്പാടെ തകർക്കുന്ന തീരുമാനമാണിതെന്നും ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് തങ്ങളോട് ആലോചിച്ചില്ലെന്നുമാണ് ബ്രിട്ടീഷ് എയർവെയ്സിന്റെ പരാതി.

സ്പെയിൽ വിദേശ വിനോദസഞ്ചാരികൾക്കായി ജൂലൈ ഒന്നുമുതൽ അതിർത്തികൾ തുറക്കും. യൂറോപ്യൻ രാജ്യങ്ങൾ ഈമാസം അവസാനത്തോടെ അംഗരാജ്യങ്ങൾക്കായി അതിർത്തികൾ തുറക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ഹോം അഫയേഴ്സ് കമ്മിഷണർ അഭ്യർഥിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.