1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: നാലു ദിവസമായി സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി ചാൻസിലർ ഋഷി സുനാക് അറിയിച്ചു. ഓക്സിജൻ ചികിൽസയ്ക്ക് വിധേയനാകുന്ന അദ്ദേഹം ആശുപത്രി കിടക്കയിൽ എഴുന്നേറ്റിരുന്നതായും ചികിൽസയോട് നല്ലവണ്ണം പ്രതികരിക്കുന്നതായും ഋഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആശുപത്രി വിട്ടാലും ഒരു മാസമെങ്കിലും അദ്ദേഹത്തിന് പൂർണവിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്റർ സഹായമില്ലാതെതന്നെ അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിയുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വിവിധ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നതും അപ്പപ്പോൾ വേണ്ട മാറ്റങ്ങളോടെ ചികിൽസ തുടരുന്നതും.

അതേസമയം ബ്രിട്ടനിൽ വിശുദ്ധവാരത്തിൽ കുതിച്ചുയരുന്ന മരണനിരക്ക് ആശങ്ക പരത്തുകയാണ്. ഇന്നലെ വിവിധ ആശുപത്രികളിൽ മാത്രം മരിച്ചത് 938 പേരാണ്. നഴ്സിങ് ഹോമുകളിലെ മരണം കൂടി കൂട്ടിയാൽ ഇത് ആയിരത്തിനു മുകളിലാകും. രാജ്യത്ത് ഇതുവരെ കോവിഡിൽ മരിച്ചവരുടെ ആകെ എണ്ണം 7097 ആയി. ആകെ രോഗികൾ 60,733. ദിവസേന പരിശോധനയ്ക്കു വിധേയരാക്കുന്നവരുടെ എണ്ണം വർധിച്ചതോടെ രോഗികളാകുന്നവരുടെ എണ്ണവും കൂടുകയാണ്. പതിനാലായിരത്തിലധികം പേരെ ദിവസവും ഇപ്പോൾ പരിശോധിക്കുന്നുണ്ട്.

ലുട്ടണിലെ ഒരു കെയർഹോമിൽ ഒരാഴ്ചയ്ക്കിടെ 15 പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഗ്ലാസ്ഗോയിലും ക്രോയിഡണിലും സമാനമായ രീതിയിൽ നഴ്സിംങ് ഹോമിൽ കൂട്ടത്തോടെ ആളുകൾ മരിച്ചിരുന്നു. പ്രതിദിനം നാൽപതു മുതൽ അമ്പതു പേർ വരെയെങ്കിലും രാജ്യത്തെ വിവിധ നഴ്സിംങ് ഹോമുകളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടണിൽ ഇന്നലെ മരിച്ചവരിൽ 22 വയസു മുതൽ 105 വയസുവരെ പ്രായമുള്ളവരുണ്ട്. ഇതിൽ 46 പേർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരായിരുന്നു എന്നത് കൂടുതൽ ആശങ്ക ഉളവാക്കുന്നു. ഡോക്ടർമാരും നഴ്സുമാരും അടക്കം 18 ആരോഗ്യ പ്രവർത്തകരാണ് ഇതിനോടകം ബ്രിട്ടണിൽ മരിച്ചത്. ഇന്നലെ മരിച്ചവരിൽ 29 വയസുമാത്രം പ്രായമുള്ള നഴ്സുമുണ്ട്. ഒമ്പത് ബസ് ഡ്രൈവർമാർ ഉൾപ്പെടെ 14 ട്രാൻസ്പോർട്ട് സ്റ്റാഫും ഇതിനോടകം മരിച്ചു.

രാജ്യത്തെ വിവിധ ചാരിറ്റികളുടെ പ്രവർത്തനം അവതാളത്തിലാകാതിരിക്കാൻ 750 മില്യൺ പൗണ്ടിന്റെ സഹായ പദ്ധതികൾ ചാൻസിലർ ഇന്നലെ പ്രഖ്യാപിച്ചു. വിവിധതരം പരിപാടികൾ സംഘടിപ്പിച്ചാണ് ചിരിറ്റികൾ ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. ഇതെല്ലാം നിലച്ചതോട പല ചാരിറ്റികളുടെയും പ്രവർത്തനം അവസാനിക്കുന്ന സ്ഥിതിയാണ്. ഇത് സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഈസ്റ്റ് ലണ്ടനിലെ നേറ്റിംങാൾ ഫീൽഡ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരെയും സേവനത്തിന് ലഭിക്കാത്തതായി പരാതി. അതിനിടെ മാഞ്ചസ്റ്റർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആരംഭിക്കുന്ന ഫീൽഡ് ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലെത്തി. നാളെ മുതൽ ആശുപത്രി പ്രവർത്തനം തുടങ്ങും. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഓക്സിജൻ സപ്ലെയുടെ അപര്യാപ്തത ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രവർത്തകർക്കുള്ള പേഴസണൽ പ്രോട്ടക്ടീവ് ഉപകരണങ്ങളുടെ ലഭ്യതയും പലേടത്തും ആവശ്യത്തിന് ആയിട്ടില്ല.

രാജ്യത്ത് തുടരുന്ന ലോക്ക്ഡൌൺ അതേപടി തുടരണമോ എന്നകാര്യത്തിൽ ഇന്നുചേരുന്ന കോബ്രാ കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്ന് ചാൻസിലർ അറിയിച്ചു. ലോക്ക്ഡൌണിൽ ഇളവുണ്ടായേക്കുമെന്നും ഈസ്റ്റർ അവധിക്കു ശേഷം സ്കൂളുകൾ തുറന്നേക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. അതിനു മുമ്പ് പുറത്തുവരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും ചാൻസിലർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.