1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 312,249 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്. മരണം 8,503. രോഗം ഭേദമായത് 15,021 പേർക്കാണ്.

അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ സെന്റർ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ഒരു ദിവസം 500 ലേറെപ്പേർ മരിച്ചതോടെ ന്യൂയോർക്കിലെ മാത്രം മരണം 3,000 കവിഞ്ഞു.

കോവിഡ് മരണങ്ങള്‍ റെക്കോഡ് ഭേദിച്ച് കുതിച്ചുയരുന്നതിനിടെ രാജ്യത്തിന് അത്യന്തം കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുന്നതിലെ അനിഷ്ടം പ്രകടിപ്പിക്കാനും എത്രയും വേഗം നിയന്ത്രണങ്ങള്‍ നീക്കുമെന്നും സമ്പദ് വ്യവസ്ഥ സജീമാക്കുമെന്നും പറയാനും അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല.

“മരണങ്ങളുണ്ടാകും, നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും,” എന്നാണ് രാജ്യത്തെ കോവിഡ് സാഹചര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് പുറമേ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ഡിബോര്‍ ബിര്‍ക്‌സ്, സര്‍ക്കാരിന്റെ പകര്‍ച്ചരോഗ വിദഗ്ധന്‍ ഡോ. ആന്‍ണി ഫൗസി എന്നിവരും പരസ്പരം അകലം പാലിച്ചുകൊണ്ട് ട്രംപിനൊപ്പമുണ്ടായിരുന്നു.

മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോസൈക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡിനെതിരായ പ്രതിരോധത്തില്‍ ഉപയോഗിക്കാമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇപ്പോഴും കാര്യമായ പഠനങ്ങള്‍ നടത്തുകയോ വൈദ്യശാസ്ത്രം കൊറോണക്കെതിരെ നിര്‍ദേശിക്കുകയോ ചെയ്യാത്ത ഈ മരുന്ന് നേരത്തെയും ട്രംപ് നിര്‍ദേശിച്ചിരുന്നു.

ഹൈഡ്രോക്ലോറോക്വിൻ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. “മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിൻ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും,” ട്രംപ് വ്യക്തമാക്കി.

മലേറിയ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. മികച്ച ചർച്ചയാണു ട്രംപുമായി നടത്തിയതെന്നു മോദി ട്വിറ്ററിൽ കുറിച്ചു. കോവി‍ഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ– യുഎസ് സഖ്യത്തിന്റെ മുഴുവൻ കരുത്തും അണിനിരത്താനാണു തീരുമാനം. യുഎസിൽ ആളുകൾ മരിച്ച സംഭവത്തിൽ അനുശോചനം അർപ്പിക്കുന്നതായും രോഗമുള്ളവർ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസിനെതിരായ പ്രതിരോധത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും നേരത്തേ ചർച്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.