1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്ക് ആകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊന്ന് ഒഡീഷയിലേക്കാണ്.

ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത് എന്നറിയുന്നു. കേരളത്തിലേക്കുള്ള വിമാനങ്ങള്‍ കുറവാണെന്ന് നേരത്തെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ജൂണ്‍ 20 മുതല്‍ 30 വരെയാണ് 44 വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിന് പുറമെയാണ് കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളും എത്തുക.

കോഴിക്കാട്ടേക്ക് കെഎംസിസിയുടെ മൂന്ന് വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ പുറപ്പെടും. 11, 12 തിയ്യതികളിലാണ് ഈ വിമാനങ്ങള്‍. ഷാര്‍ജയില്‍ നിന്നാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക എന്നാണ് സൂചനകള്‍. അനുമതി ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും കേരളത്തിലേക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

കെഎംസിസിയുടെ 30 വിമാനങ്ങള്‍ കണ്ണൂരിലേക്കുമെത്തും. 20000ത്തില്‍ താഴെ രൂപയാണ് ടിക്കറ്റിന് ഈടാക്കുക. 10 പേര്‍ക്ക് ഓരോ വിമാനത്തിലും സൗജന്യ യാത്ര ഒരുക്കാനും കെഎംസിസി തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം ദുബായ് കെഎംസിസിയുടെ ശ്രമഫലമായിട്ടാണെങ്കില്‍ അബുദാബി കെഎംസിസിയുടെ 40 വിമാനങ്ങളും കേരളത്തിലേക്കെത്തും.

കൂടാതെ വിവിധ കോര്‍പറേറ്റ് കമ്പനികള്‍ അവരുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളുമുണ്ട്. മലബാര്‍ ഗോര്‍ഡിന്റെ വിമാനം കഴിഞ്ഞദിവസം കോഴിക്കോട്ടെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ 20 വിമാനങ്ങള്‍, അക്കാഫ് ടാസ്‌ക് ഫോഴസിന്റെ വിമാനം, മറ്റു ചില സന്നദ്ധ സംഘടനകളുടെ വിമാനം എന്നിവയും കേരളത്തിലേക്ക് വരും ദിവസങ്ങളിലെത്തും.

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ്. ഇതില്‍ 25 വിമാനസര്‍വിസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തും. എട്ടെണ്ണം കേരളത്തിലേക്കാണ്. എംബസികളുടെ മേല്‍ന്നോട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് പൗരന്മാരെ നാട്ടിലേക്ക് അയക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ. വന്ദേ ഭാരത് ദൌത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എയർ ഇന്ത്യ സർവിസ് ആരംഭിക്കുന്നത്.

ഇന്ത്യയിലേക്ക് മടങ്ങേണ്ട യാത്രക്കാർ അതാത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ശേഷം എയർ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. വന്ദേ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ കമേർഷ്യൽ വിമാന സർവിസ് ആരംഭിക്കുന്നത് വരെ വന്ദേ ഭാരത് ദൌത്യം തുടരാനാണ് സർക്കാരിന്റെ തീരുമാനം.

മൂന്നാം ഘട്ടത്തിൽ വടക്കേ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ജൂൺ ഒമ്പത് മുതൽ ജൂൺ 30 വരെ 300 വിമാന സർവിസുകളാണ് ഉണ്ടാകുക. വടക്കേ അമേരിക്കയിലേക്കും കാനഡയിലേക്കുമായി 75 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 22000 കടന്നതോടെ പലർക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.

ജൂൺ എട്ട് മുതൽ യുഎസിൽ നിന്നും കാനഡയിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവിസിന് കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള ഒഴിപ്പിക്കൽ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ട ഇന്ത്യൻ പൌരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും എയർ ഇന്ത്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ ട്വീറ്റിലാണ് അറിയിച്ചത്. ജൂൺ 11 മുതൽ 20 വരെയാണ് ഇരു രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ സർവിസ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.