1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്.

രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 133 പേ‍ർക്കാണ്. ഇത് വരെയുള്ളതിൽ ഏറ്റവുമുയർന്ന കണക്കാണിത്. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേരെത്തി. സമ്പർക്കത്തിലൂടെ 133 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8.

ഫലം നെഗറ്റീവായവർ, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂർ 16, എറണാകുളം 15, തൃശ്ശൂർ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസർകോട് 13.

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നു. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തിൽ വലിയതോതിൽ വർധിച്ചിരിക്കുന്നു. ആളുകൾ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവാത്ത സ്ഥിതിയാണ്. വായുസഞ്ചാരമുള്ള മുറികളിൽ കഴിയുക പ്രധാനം. ചില കടകളിൽ ആളുകൾ കയറിയ ശേഷം ഷട്ടറുകൾ അടച്ചിടുന്നു. അത് പാടില്ല. വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ രോഗം പെട്ടെന്ന് പടരും.

പരിശോധനയുടെ തോത് വർധിച്ചു. 24 മണിക്കൂറിനിടെ 12592 സാമ്പിളുകൾ പരിശോധിച്ചു. 6534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേർ ആശുപത്രികളിലാണ്. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 220677 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 66934 സാമ്പിളുകൾ ശേഖരിച്ചു. 63199 നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നു. സംസ്ഥാനത്ത് 307019 പേർക്കാണ് വിവിധ കൊവിഡ് ടെസ്റ്റുകൾ നടത്തിയത്. 181 ഹോട്ട്സ്പോട്ടുകൾ പുതുതായി ഉണ്ട്.

രാജ്യത്ത് സാമൂഹ്യ വ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം മാറുന്നവരുടെ നിരക്ക് പ്രതിദിനം ഉയരുകയാണെന്നും നിലവിൽ 62 ശതമാനമാണ് നിരക്കെന്നും ആരോഗ്യ മന്ത്രാലയം. ചിലയിടങ്ങളില്‍ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. എണ്‍പത് ശതമാനം കേസുകളും 49 ജില്ലകളിലാണ്. കൊവിഡ് വാക്സിൻ മൃഗങ്ങളിൽ പരീക്ഷണം പൂർത്തിയാക്കിയതായും ക്ലിനിക്കൽ ട്രയലുകൾ ഉടൻ തുടങ്ങുമെന്നും കേന്ദ്രം വിശദീകരിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 7,67,296 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 487 പേർ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകൾ പറയുന്നത്. നിലവിൽ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് വരെ 4,76,378 പേർ കൊവിഡ് മുക്തരായി. മഹാരാഷ്ട്രയിൽ തന്നെയാണ് എറ്റവും കൂടുതൽ രോ​ഗികൾ. 2,23,724 പേ‌‌ർക്കാണ് ഇത് വരെ മഹാരാഷ്ട്രയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

ലോക്ഡൗണ്‍ ലംഘനത്തിന് ഈടാക്കുന്ന വിവിധ തരം പിഴകൾ ഏതെല്ലാം?

കോവിഡ് 19 വ്യാപനത്തിനിടെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്‌ഞാപനവും പുറപ്പെടുവിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള പിഴയും വ്യക്തമാക്കിയിട്ടുണ്ട്. പിഴ ഈടാക്കാനുള്ള അധികാരം പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്കാണെന്നു (എസ്‌.എച്ച്‌.ഒ) വിജ്‌ഞാപനത്തിലുണ്ട്‌.

പുതിയ വിജ്ഞാപന പ്രകാരം, പകര്‍ച്ചവ്യാധി നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ലംഘിച്ചുള്ള യാത്രകള്‍ക്ക് 2,000 രൂപ പിഴയടക്കേണ്ടിവരും. അത് സ്വകാര്യ വാഹനമായാലും പൊതു ഗതാഗതമായാലും. ലോക്ക്ഡൌണ്‍, കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രദേശത്തേക്കോ തിരിച്ചോ യാത്ര നടത്തിയാലും പിഴയീടാക്കും. 200 രൂപയാണ് പിഴത്തുക.

അന്തര്‍സംസ്‌ഥാന ചരക്കുവാഹനങ്ങളുടെ യാത്രയില്‍ പകര്‍ച്ചവ്യാധി നിയമം ലംഘിക്കപ്പെട്ടാല്‍ 5,000 രൂപയാണു പിഴ. കൊവിഡ് ജാഗ്രത സൈറ്റുകളില്‍ വിവരം നല്‍കാത്തവര്‍ക്കും ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിച്ചിരിക്കാത്തവര്‍ക്കും ധര്‍ണ, സമരം, പ്രതിഷേധ ചടങ്ങുകള്‍ എന്നിവയിലെ നിയമലംഘനത്തിനും 1,000 രൂപയാണ് പിഴ.

വിവാഹ ചടങ്ങുകളില്‍ ആളെണ്ണം കൂടിയാല്‍ 1,000 രൂപയും മരണ ചടങ്ങുകളിലെ നിയമലംഘനത്തിന്‌ 200 രൂപയും പിഴ നല്‍കണം. കടകള്‍, സ്കൂളുകള്‍, മാളുകള്‍ എന്നിവ തുറക്കുന്നതില്‍ നിയമലംഘനം കണ്ടെത്തിയാല്‍ 500 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളില്‍ മാസ്‌ക്‌ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുനിരത്തില്‍ തുപ്പുക തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ 200 രൂപയാണു പിഴ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.