1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ കുടുങ്ങിയ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് വീസ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ നിന്ന് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വീസ തനിയെ സൗജന്യമായി പുതുക്കി നല്‍കുകയാണ് ചെയ്യുകയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, 2020 മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ അനുവദിച്ച വീസകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ വീസ സ്വന്തമാക്കുകയും കൊവിഡ് മൂലം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.

വീസ സേവനങ്ങൾക്ക് ശരിയായ വിവരങ്ങൾ ഉറപ്പുവരുത്തണം

ദുബായിൽ വീസ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാഷിദ് അൽ മറി. വകുപ്പിന്റെ സ്മാർട് ചാനൽ, ദുബായിലെ ആമർ സെന്ററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണം.

അവ്യക്തമായ വിവരങ്ങളും മേൽവിലാസങ്ങളും നൽകിയാൽ തുടർ നടപടികൾക്ക് കാലതാമസം വരും. ഇത് ഒഴിവാക്കാനാൻ വേണ്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് വകുപ്പ് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതെന്നും കൃത്യമായ വിവരങ്ങൾ വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എമിഗ്രേഷൻ വകുപ്പിലേയ്ക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് അപേക്ഷ ടൈപ്പ് ചെയ്തതിന് ശേഷം പരിശോധിച്ചു ഉറപ്പുവരുത്തണം. പാസ്പോർട്ടിലെ പേര്, നമ്പർ, ജനന തിയതി എല്ലാം രേഖകളിൽ ഉള്ളത് തന്നെയാണെന്ന് വീണ്ടും ഉറപ്പുവരുത്തി മാത്രമേ അപേക്ഷകൾ വകുപ്പിലേക്ക് സമർപ്പിക്കാവൂ.

അപേക്ഷകൻ നൽകിയ വിവരങ്ങൾക്ക് അനുസരിച്ചാണ് തുടർ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത്. അതു കൊണ്ട് തന്നെ അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ എപ്പോഴും ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിലും ഏറ്റവും വേഗത്തിലാണ് ദുബായിൽ വീസാ നടപടികൾ പൂർത്തിയാക്കി നൽകുന്നതെന്ന് വ്യക്തമാക്കി.

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ഖത്തറില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഒന്നാം ഘട്ടത്തിന് നാളെ തുടക്കം. എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം. വിശ്വാസികള്‍ക്കായി 500 പള്ളികള്‍ തുറക്കും. വ്യായാമത്തിനായി 8 പബ്ലിക് പാര്‍ക്കുകളും തുറക്കും. ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

നാലു ഘട്ടങ്ങളിലായി കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിനാണ് നാളെ (ജൂണ്‍ 15) മുതല്‍ തുടക്കമാകുന്നത്. ഇതു പ്രകാരം രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും മന്ത്രാലയം നല്‍കിയിട്ടുണ്ട്.

500 പള്ളികള്‍ നാളെ മുതല്‍ തുറക്കുമെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം ഓഗസ്റ്റ് മുതല്‍ക്കേ ആരംഭിക്കുകയുള്ളു. പള്ളികളിലെത്തുന്ന വിശ്വാസികള്‍ ഔഖാഫ്-ഇസ്‌ലാമിക് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകളും പാലിക്കണം. ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പരിമിതമായ ശേഷിയില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.