1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ സ്മാര്‍ട് ഫോണിലെ കൊവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ പുതിയ തീരുമാന പ്രകാരം ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ചയാണെങ്കില്‍ മാത്രമേ ഖത്തറില്‍ നിന്നും പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വിമാനയാത്രക്ക് അനുമതി ലഭിക്കുകയുള്ളു.

ഇഹ്‌തെറാസില്‍ പച്ച നിറം ആരോഗ്യമുള്ള വ്യക്തിയെ സൂചിപ്പിക്കുമ്പോൾ ചാര നിറം രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയമുള്ളവരേയും മഞ്ഞ നിറം ക്വാറന്റീനില്‍ കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഖത്തറില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങുകയാണെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം പ്രവേശിക്കണമെങ്കിലും ഇഹ്‌തെറാസില്‍ ആരോഗ്യനില പച്ചയായിരിക്കണമെന്നാണ് വ്യവസ്ഥ.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ദോഹയിലെ വിവിധ സാമൂഹിക സംഘടനകള്‍ എന്നിവരുടെ നിരന്തര സമ്മര്‍ദമാണ് പുതിയ പ്രഖ്യാപനത്തിന് വഴിതെളിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ തീരുമാനം അറിയിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധന ഖത്തറില്‍ പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഖത്തറില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊവിഡ് പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തും നല്‍കിയിരുന്നു.

നിലവില്‍ ഖത്തറില്‍ എല്ലാ സ്വദേശി-പ്രവാസികള്‍ക്കും പരിശോധനയും ചികിത്സയും ക്വാറന്റീന്‍ സൗകര്യവുമെല്ലാം സൗജന്യമാണ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളു. മാത്രമല്ല സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത് എന്നതിനാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതും പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.