1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ തുടർന്ന് പിന്നോട്ടടിച്ച സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സ്വീകരിച്ച കർമപരിപാടികൾ വികസന മുന്നേറ്റം വേഗത്തിലാക്കിയെന്ന് “സ്മാർട് ദുബായ്” ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു.

അസാധാരണ സാഹചര്യങ്ങൾ പക്വതയോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളായി കാണാനും കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവഹണം എന്നീ മേഖലകളിലടക്കം ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിജിറ്റൽ േസവനങ്ങളുടെ സാധ്യത വർധിക്കുകയും കോൾ സെന്ററുകളുടെ സേവനപരിധി വിപുലമാകുകയും ചെയ്തു. ഉൽപാദന ക്ഷമത കൂടി.
പരമ്പരാഗത തൊഴിൽ, വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റത്തിനു വഴിയൊരുങ്ങി.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സേവനങ്ങളിലേക്ക് ജനത്തെ ആകർഷിക്കാൻ മാർച്ചിൽ സമ്മാന പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് കാറുകളും സ്മാർട് ഫോണുകളുമടക്കം 20 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണു പ്രഖ്യാപിച്ചത്. 33 കേന്ദ്രങ്ങളിലെ 116 സേവനങ്ങൾ ദുബായ് നൗ ആപ്പിൽ ലഭ്യമാക്കി.

പ്രതിസന്ധി പലവിധത്തിലാണ് ഓരോ മേഖലയെയും ബാധിച്ചതെന്ന് ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഓരോ സ്ഥാപനവും സ്വന്തം നിലയ്ക്കു കർമപദ്ധതികൾക്കു രൂപം നൽകി. വർക്ക് ഫ്രം ഹോം ആണ് ഇതിൽ പ്രധാനം. പല സേവന മേഖലകളും ഓൺലൈനിലേക്കു മാറി. ഭാവിയിലെ ഭരണ നിർവഹണ രീതികളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ശാസ്ത്രീയമായി ക്രമീകരിക്കാനാകും. കോവിഡിനു ശേഷമുള്ള കാലഘട്ടം പഴയതുപോലെ ആകില്ലെന്ന തിരിച്ചറിവു കൂടിയാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

നിർമിത ബുദ്ധിയടക്കം സാങ്കേതിക വിദ്യകളുടെ കടന്നു വരവ് ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ടു. ദേശീയ കർമപരിപാടിയുടെ ഭാഗമായുള്ള ‘എഐ ചാലഞ്ച്’ പ്രോഗ്രാമിനുള്ള സുപ്രധാന കരാറിൽ മൈക്രോ സോഫ്റ്റുമായി ഒപ്പുവച്ചു.

സർക്കാർ തലങ്ങളിൽ നിർമിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾക്ക് രൂപം നൽകി. നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയും യുഎഇയും ഒരുമിച്ചു നീങ്ങാൻ ധാരണയായിട്ടുണ്ട്. ഇതോടെ ബ്ലോക് ചെയിൻ, നിർമിതബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ 200 ഓളം ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾക്കാണ് നല്ല കാലം തെളിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.