1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം എറണാകുളത്തും ആരംഭിച്ചു. കൂടുതൽ പേരിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിൾ ശേഖരണം വർദ്ധിച്ച തോതിൽ നടത്തേണ്ടത്തേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി മെഡിക്കൽ കോളേജ്, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും സാമ്പിൾ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിൾ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

സാമ്പിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് ഇപ്പോള്‍ സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ശേഖരിക്കുന്ന ട്രിയാഷിൽ ആശുപത്രി ജീവനക്കാർ പിപിഇ (പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്) ധരിച്ചാണ് സാമ്പിൾ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇൻ കോവിഡ് കിയോസ്ക്കിന് രൂപം നൽകിയതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കിയോസ്ക് ഉപയോഗിച്ച് സാമ്പിൾ ശേഖരിക്കുവാൻ രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകൾ ആശുപത്രിയിൽ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. സാമ്പിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം.

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിൾ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിൽ ആണെന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എആർഎംഒ ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടികെ ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു.തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്.

എട്ട് ഘട്ടങ്ങളുള്ള ഒരു സാമ്പിൾ ശേഖരണത്തിന് രണ്ട് മിനിറ്റ് സമയം മാത്രമാണ് ശരാശരി എടുക്കുക എന്നതിനാൽ കൂടുതൽ സാമ്പിളുകൾ ശേഖരിക്കുവാൻ ഇത് പ്രയോജനപ്പെടും. നിലവിൽ ചെയ്യുന്ന പിസിആർ ടെസ്റ്റിന്റെ സാമ്പിൾ ശേഖരണവും, ഉടനെ ആരംഭിക്കുവാൻ പോകുന്ന റാപിഡ് ടെസ്റ്റും വിസിക് വഴി ചെയ്യുവാനാകും. മാഗ്നെറ്റിക്ക്‌ വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടെ ഒരു കിയോസ്‌കിന് ഏകദേശം നാൽപതിനായിരം രൂപയാണ് ചിലവ്.

കൊറോണ പ്രതിരോധപ്രവത്തനങ്ങൾക്കു ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നു. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്ക സ്ഥാപിക്കുവാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.