1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക് ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ടെമ്പോയിൽ യാത്ര തിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാർക്കാണ് മുഖ്യമന്ത്രി സഹായത്തിനെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നുമാണ് 13 പെൺകുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിലേ ഇറക്കൂവെന്നായി ഡ്രൈവർ. മുത്തങ്ങ ചെക്പോസ്റ്റിന് സമീപം അർധരാത്രി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയതോടെ തോൽപെട്ടിയിലേക്ക് തിരിച്ചു. അറിയാവുന്ന എല്ലാ വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല.

അവസാനത്തെ ശ്രമമെന്ന നിലയിൽ ഗൂഗിളിൽ നിന്നും മുഖ്യമന്ത്രിയുടെ നമ്പറെടുത്ത് അതിലേക്ക് വിളിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. ഫോൺ വിളിച്ച കോഴിക്കോട് പുതിയാപ്പക്കാരി ആതിരയോട് ‘ പേടിക്കേണ്ട, പരിഹാരമുണ്ടാക്കാം’ എന്നായിരുന്നു മറുതലയ്ക്കൽ നിന്ന് കേട്ടത്. വയനാട് കലക്ടറെയും എസ്പിയെയും വിളിച്ച് വേണ്ട കാര്യങ്ങൾ ശരിക്കാമെന്ന് ഉറപ്പും നൽകി.

എസ്പിയെ വിളിച്ചപ്പോൾ തോൽപെട്ടിയിൽ നിന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഒരുക്കി. സംഘാംഗങ്ങളുടെ ശരീര താപനില പരിശോധിച്ച ശേഷം കോഴിക്കോടേക്കുള്ള വണ്ടിയിൽ. ബുധനാഴ്ച രാവിലെയോടെ എല്ലാവരും സുരക്ഷിതരായി വീടുകളിലെത്തി. നന്ദി പറയാൻ വിളിച്ച പെൺകുട്ടികളോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാർ മുന്നിലുണ്ടെന്നത് വെറും വാക്കല്ലെന്നും ആതിരയും സുഹൃത്തുക്കളും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.