1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വരുന്ന ബസുകള്‍ നിര്‍ത്തി നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ആളുകള്‍ക്ക് ലഭ്യമാക്കണമെന്നും കേന്ദ്രം അറിയിച്ചു.

21 ദിവസം രാജ്യത്ത് ലോക് ഡൗണ്പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ വിഭാഗം അതിഥിതൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുിപോകാനുള്ള ശ്രമത്തിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3000ലധികം തൊഴിലാളികളാണ് കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ചഡ്ചാന്‍ ഗ്രാമത്തിലാണ് ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. മഹാരാഷ്ട്ര ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിര്‍ത്തിയില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് ഇവര്‍.

ഗര്‍ഭിണികളും സ്ത്രീകളും ഭിന്നശേഷിയുള്ളവരും യുവാക്കളും അടങ്ങിയ ഇവര്‍ അവരുടെ സ്വദേശങ്ങളിലേക്ക് പോവുന്നതിന് വേണ്ടി വാഹനങ്ങള്‍ അനുവദിക്കണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് സോലാപ്പൂര്‍ എസ്.പി അറിയിച്ചു.

പൊലീസും ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്. ഇവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും അനുവദിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ദല്‍ഹിയില്‍ നിന്നും മറ്റ് സിറ്റികളില്‍ നിന്നും അതിസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിഥി സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലയാനം ചെയ്യുന്ന സംഭവത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം വരുന്ന അതിഥി തൊഴിലാളികളെ അവഗണിച്ചുകൊണ്ടുള്ള ലോക്ഡൗണ്‍ ക്രൂരതയാണെന്നാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി പറഞ്ഞത്.

അതിനിടെ കോട്ടയം പായിപ്പാട് നിയന്ത്രണം ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചു. നാട്ടില്‍ പോകാന്‍ സംവിധാനം ഒരുക്കണമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ചിലരുടെ ആവശ്യം.

ആയിരത്തോളം പേരാണ് ലോക് ഡൌണ്‍ ലംഘിച്ച് റോഡിലിറങ്ങിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ പ്രതിഷേധം ഉച്ച വരെ നീണ്ടു. ഇവര്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും താന്‍ ഇന്നലെ തൊഴിലാളികളുടെ താമസസ്ഥലത്ത് പോയി സംസാരിച്ചതാണെന്നും കലക്ടര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ കോണ്‍ട്രാക്ടര്‍മാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്നും ഇപ്പോള്‍ അവരെ നാട്ടിലേക്ക് വിടാന്‍ നിര്‍വാഹമില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമാണെന്ന് തോന്നിപ്പിക്കുന്നതാണെന്ന് മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു‍. പത്തനംതിട്ടയില്‍ നിന്ന് വരെ തൊഴിലാളികള്‍ പായിപ്പാട് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.