1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആകാമെന്ന് റിപ്പോര്‍ട്ട്. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്ന അമ്പത്തേഴുകാരിയായ വെയ് ഗ്വക്‌സിയന്‍ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഹുവാന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റിലാണ് ഇവര്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടാവുന്നത്. ഇവരാണ് കോവിഡ് 19ന്റെ ‘പേഷ്യന്റ് സീറോ’ (ആദ്യത്തെ രോഗി) എന്ന് ചൈനയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ വൈറസ് ബാധയെ അതിജീവിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വുഹാനില്‍ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 27 പേരില്‍ ആദ്യത്തെ ആള്‍ വെയ് ഗ്വക്‌സിയന്‍ ആയിരുന്നെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സമദ്രോത്പന്ന മാര്‍ക്കറ്റുമായ ബന്ധമുള്ള ആദ്യത്തെ 24 സാമ്പിളുകളില്‍ ഒന്നും ഇവരുടേതാണ്. പേഷ്യന്റ്‌ സീറോ ഇവരാവാമെങ്കിലും ആദ്യം വൈറസ് ബാധ ഉണ്ടായത് ഇവര്‍ക്കാണെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഡിസംബറില്‍ ജലദോഷവും ചുമയും മറ്റു ചില അസ്വസ്ഥതകളുമായാണ് വെയ് ഗ്വാക്‌സിയന്‍ ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടര്‍ നല്‍കിയ മരുന്നുകൊണ്ട് പ്രയോജനം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് വലിയ ആശുപത്രിയായ വുഹാന്‍ യൂണിയന്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് മാര്‍ക്കറ്റിലെ മറ്റു ചില ജീവനക്കാരും ഇതേ രോഗലക്ഷണങ്ങളുമായി ഡോക്ടറെ കാണാനെത്തി. സാധാരണ എല്ലാ ശൈത്യകാലത്തും തനിക്ക് പനി വരാറുണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ഇത്തവണയും അതുതന്നെയാണെന്ന് കരുതിയാണ് ഡോക്ടറെ കണ്ടതെന്നും അവര്‍ പറഞ്ഞതായി ദി പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ നേരത്തെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വൈറസ് മൂലമുള്ള മരണം ഏതാനും പേരില്‍ മാത്രം ഒതുങ്ങുമായിരുന്നെന്നും ഇവര്‍ പറയുന്നു. രോഗബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വെയ് ഗ്വക്‌സിയനെ ക്വാറന്റൈനില്‍ താമസിപ്പിച്ചു.

ഇതിനൊക്കെ ശേഷമാണ് വുഹാനിലെ സമുദ്രോത്പന്ന മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ കേന്ദ്രം എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടിലാണ് മാര്‍ക്കറ്റില്‍ വില്‍പനയ്ക്കുവെച്ച ജീവികളില്‍നിന്നായിരിക്കാം വൈറസ് മനുഷ്യരിലേയ്ക്ക് പടര്‍ന്നുപിടിച്ചതെന്ന നിഗമനമുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് വെയ് ഗ്വക്‌സിയന്‍ ആണ് പേഷ്യന്റ് സീറോ എന്ന നിഗമനത്തിലേയ്ക്ക് എത്തുന്നത്.

അതേസമയം, വുഹാനിലെ സമുദ്രോത്പന്ന മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത ആളാണ് ആദ്യത്തെ കോവിഡ്19 രോഗിയെന്ന് ചൈനീസ് ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വൈറസ് ബാധിതനെ ഡിസംബര്‍ ഒന്നിന് തന്നെ തിരിച്ചറിഞ്ഞിരുന്നെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ നവംബറില്‍ത്തന്നെ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ചൂണ്ടിക്കാണിക്കുന്ന മറ്റു ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.