1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ യാത്രക്കിയത്.

ആശുപത്രി വിട്ടെങ്കിലും വരുന്ന 14 ദിവസംകൂടി ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കഴിക്കാനുള്ള ഭക്ഷണവും മധുരവും നല്‍കിയാണ് ഇവരെ യാത്രയാക്കുന്നത്. ഇനിയുള്ള 14 ദിവസം വീട്ടിലെ മറ്റ് അംഗങ്ങളുമായോ മറ്റുള്ളവരുമായോ ഇടപഴകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

അറിവില്ലായ്മ കൊണ്ടാണ് തെറ്റു പറ്റിയതെന്നും തങ്ങളെ രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെല്ലാം നന്ദി അറിയിക്കുന്നതായും ഇവര്‍ പറഞ്ഞു. ആദ്യം രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ ദമ്പതികളും ഇവരുടെ യുവാവായ മകനും ബന്ധുക്കളുമാണ് ഇപ്പോള്‍ ആശുപത്രി വിടുന്നത്.

ഇറ്റലിയില്‍നിന്ന് എത്തിയശേഷം പൊതുവേദികളില്‍ എത്തിയത് അറിവില്ലായ്മ കൊണ്ടാണ്. ക്ഷമ ചോദിക്കുന്നു. ജീവനോട് തിരിച്ച് മടങ്ങാനാവുമെന്ന് കരുതിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നെന്നും ആശുപത്രി വിട്ടവര്‍ പ്രതികരിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം നിബന്ധനകള്‍ പാലിക്കാതെ യാത്രകള്‍ നടത്തിയത് ആശങ്ക പരത്തിയിരുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റലിയില്‍ നിന്ന് തിരികെ എത്തിയ ദമ്പതികളുടെ മകള്‍ക്കും മരുമകനും കഴിഞ്ഞ ദിവസം രോഗം ഭേദമായിരുന്നു.
ഇറ്റലിയില്‍ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാന്‍ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവര്‍ രണ്ട് പേര്‍ക്കും വൈറസ് ബാധയുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.