1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: പതിനാലര കോടി ജനസംഖ്യയുണ്ടായിട്ടും ചൈനയുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിട്ടിട്ടും കാര്യമായ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമാണ് റഷ്യ. വെറും 306 പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഈ റഷ്യന്‍ കണക്കുകളില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും.

യൂറോപിലെ ആറ് ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞന്‍രാജ്യമായ ലക്‌സംബര്‍ഗിനേക്കാളും കുറവ് കൊറോണ വൈറസ് ബാധ മാത്രമാണ് റഷ്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സി.എന്‍.എന്‍ ഓര്‍മ്മിപ്പിക്കുന്നു. 6.28 ലക്ഷം ജനങ്ങളുള്ള ലക്‌സംബര്‍ഗിലെ 670 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെ്തിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും തുടക്കത്തിലേ എടുത്ത മുന്‍കരുതല്‍ നടപടികളാണ് തങ്ങളെ ഇതിന് പ്രാപ്തമാക്കിയതെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് ഇതേക്കുറിച്ച് പറഞ്ഞത്.

ജനുവരിയിലാണ് ആദ്യ കൊറോണ വൈറസ് ബാധ റഷ്യയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതിന് പിന്നാലെ ജനുവരി 30ന് തന്നെ ചൈനയുമായുള്ള 2600 മൈല്‍ അതിര്‍ത്തി റഷ്യ അടച്ചിരുന്നു. ക്വാറന്റൈന്‍ സോണുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.56 ലക്ഷത്തിലേറെ പേരില്‍ കൊറോണ പരിശോധന നടത്തിയിട്ടുണ്ട്.

ഫെബ്രുവരി തുടക്കം മുതല്‍ തന്നെ വിമാനത്താവളങ്ങളില്‍ ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. അപ്പോഴും ഇറ്റലിയില്‍ നിന്നോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ വരുന്നവര്‍ക്ക് കാര്യമായ നിയന്ത്രണങ്ങളില്ലായിരുന്നു. റഷ്യയിലേക്ക് കോവിഡ് 19 കൂടുതലും വന്നത് ഇറ്റലിയില്‍ നിന്നാണെന്നാണ് ആരോഗ്യ വിഭാഗം തന്നെ സ്ഥിരീകരിച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റഷ്യയിലെ പ്രതിപക്ഷത്തുള്ള അലയന്‍സ് ഓഫ് ഡോക്ടേഴ്‌സ് യൂണിയനിലെ നേതാവായ ഡോ. അനസ്താസ്യ വസല്യേവ പുറത്തുവിട്ട വീഡിയോകള്‍ വിവാദമായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം റഷ്യന്‍ അധികൃതര്‍ പൂഴ്ത്തിവെക്കുകയാണെന്നും കൊറോണ ബാധിതരെ ന്യൂമോണിയ ബാധിച്ചവരായി കണക്കാക്കുകയാണ് എന്നുമായിരുന്നു ഇവരുടെ ആരോപണം.

ആദ്യമായി കൊറോണ ബാധിച്ചയാള്‍ മരിച്ചത് ധമനികളില്‍ രക്തം കട്ടം പിടിച്ചാണെന്നും കോവിഡ് 19 മൂലമല്ലെന്നുമാണ് ഇവര്‍ വാദിക്കുന്നത്. കൊറോണ ബാധിച്ച് ലോകത്ത് ആരും മരിക്കുന്നില്ല. കോവിഡ് 19 ബാധയെ തുടര്‍ന്നുണ്ടാകുന്ന വിവിധ രോഗങ്ങളാണ് മരണകാരണങ്ങളാവുക. അതുകൊണ്ടുതന്നെ ഇത്തരം രേഖകള്‍ ഇഷ്ടപ്രകാരം തിരുത്തുക എളുപ്പമാണ്’എന്നാണ് ഡോ. അനസ്താസ്യ വസല്യേവ പറയുന്നത്.

ഈ അഭിപ്രായത്തിന് ഒപ്പം നില്‍ക്കുന്ന കണക്കുകളും റഷ്യയില്‍ നിന്നും പുറത്തുവരുന്നുണ്ട്. ജനുവരിയില്‍ മോസ്‌കോയില്‍ മാത്രം 6921 ന്യുമോണിയ ഇന്‍ഫെക്ഷനുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടായിരം കേസുകളുടെ വര്‍ധന. ദേശീയ വ്യാപകമായി തന്നെ മൂന്ന് ശതമാനത്തോളം ന്യൂമോണിയ കേസുകളില്‍ പൊടുന്നനെ വര്‍ധനവുണ്ടായി. ഇതാണ് റഷ്യ കോവിഡ് 19 രോഗത്തെ ന്യുമോണിയയുടെ കണക്കില്‍ എഴുതി തള്ളുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.