1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസിന് (32) കോവിഡ് ബാധ ഉള്ളതായി വിവരമില്ലെങ്കിലും അവരും ഐസലേഷനിൽ പ്രവേശിക്കേണ്ടിവരും. പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിർന്ന മന്ത്രിമാരും കൂടി ഇനി സമ്പർക്ക വിലക്കിലേക്കു പോകേണ്ടി വരും.

കഴിഞ്ഞ ദിവസങ്ങളിൽ എത്രപേർ പ്രധാനമന്ത്രിയുമായി അടുത്തിടപഴകി എന്നു വ്യക്തമല്ല. ബോറിസ് ജോൺസന് 7 ദിവസമാണു സമ്പർക്കവിലക്ക്. പ്രധാനമന്ത്രി വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായാൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനാകും ചുമതല.

ഡൗണിങ് സ്ട്രീറ്റിലെ 11–ാം അപാർട്ട്മെന്റിലാണു ജോൺസൻ ഐസലേഷനിൽ കഴിയുക. ഭക്ഷണം വാതിൽക്കൽ എത്തിക്കും. നമ്പർ 10, നമ്പർ 11 എന്നിവയ്ക്കിടയിലെ വാതിൽ സ്ഥിരമായി അടച്ചിടും. നമ്പർ 11 ലുള്ള ധനമന്ത്രി ഋഷി സുനക് പക്ഷേ, ഓഫിസ് മാറുകയില്ല. അദ്ദേഹം മറ്റൊരു വാതിൽ ഉപയോഗിക്കും. ജോൺസനെ നേരിട്ടു കാണില്ല.

അതേസമയം, മരണ സംഖ്യ ഉയരുമെന്ന നിഗമനത്തിൽ ബർമിങ്ങാം വിമാനത്താവളത്തിനു സമീപം താൽക്കാലിക മോർച്ചറി തുറന്നു. നിലവിൽ 1500 മൃതദേഹങ്ങൾ ഉൾക്കൊള്ളും. ഐസലേഷനിലുള്ള രോഗികൾക്കു ഭക്ഷണമെത്തിക്കാനും ആംബുലൻസുകൾ ഓടിക്കാനും മൃതദേഹങ്ങൾ കൊണ്ടുപോകാനും ബ്രിട്ടനിൽ അഗ്നിശമന സേനയും രംഗത്തിറങ്ങി. വിരമിച്ച പതിനായിരക്കണക്കിനു ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനവും സർക്കാർ അഭ്യർഥിച്ചു. ഇന്നലെ വീടുകളുടെ ബാൽക്കണികളിൽ നിന്ന് ജനങ്ങൾ കയ്യടിച്ച് ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു.

കൊറോണവൈറസ് രണ്ടാം ഘട്ടം പൊട്ടിപുറപ്പെടാതിരിക്കാന്‍ മറ്റൊരു ആറ് മാസകാലം കൂടി അടച്ചൂപൂട്ടല്‍ പ്രതീക്ഷക്കാമെന്ന മുന്നറിയിപ്പുമായി യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍. നിലവിലുള്ള കര്‍ശന നടപടികള്‍ അടുത്ത സെപ്റ്റംബര്‍ വരെയെങ്കിലും തുടര്‍ന്നേക്കുമെന്ന് യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ജെന്നി ഹാരിസ് പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ യുകെയില്‍ പുതുതായി 6903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുമ്പുള്ള ആഴ്ച 2,710 പേര്‍ക്ക് മാത്രമായിരുന്നു രോഗം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള പ്രമുഖര്‍ക്ക് കഴിഞ്ഞ ദിവസംരോഗം സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ ഇതുവരെ 14751 രോഗികളാണ് ഉള്ളത്. 761 പേര്‍ മരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.