1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2020

സ്വന്തം ലേഖകൻ: ആഗോള ഭീഷണിയായി പടരുന്ന കോവിഡ്–19 (കൊറോണ വൈറസ്) രോഗം ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ചൈനയിൽ പുതുതായി 433 പേരിൽ ഇന്നലെ രോഗബാധ കണ്ടെത്തി; 29 മരണവും. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മസൂമി ഇബ്തികാർ ഉൾപ്പെടെ 245 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ ഇതുവരെ 400 രോഗികൾ; 17 മരണം. ദക്ഷിണ കൊറിയയിൽ 505 പുതിയ രോഗികൾ.

23 പേർക്കു രോഗബാധ സ്ഥിരീകരിച്ച ഓസ്ട്രേലിയ, പ്രതിരോധ നടപടികൾ കർശനമാക്കി. ഫ്രാൻസും തയ്‌വാനും അതീവജാഗ്രതാ നിർദേശം നൽകി.

60 പേർക്കു രോഗബാധയണ്ടായ യുഎസിൽ പ്രതിരോധനടപടികളുടെ ചുമതല, പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഏൽപിച്ചു. കലിഫോർണിയയിൽ ഒരാൾക്കു ബാധിച്ചത് മറ്റൊരിനം കൊറോണവൈറസ് ആണോ എന്ന സംശയവും ഉയർന്നു. പല രാജ്യങ്ങളും വിമാനയാത്രകൾ വിലക്കി. ഐസലേഷൻ നടപടികൾ കർശനമാക്കുകയും വിലക്കുകൾ ലംഘിക്കുന്നവർക്കു ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ കൊറിയയും യുഎസും ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം റദ്ദാക്കി. സ്വയം എസലേഷൻ പാലിക്കണമെന്ന നിർദേശം ലംഘിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കാനും ഒരു വർഷം വരെ തടവു നൽകാനും ദക്ഷിണ കൊറിയ തീരുമാനിച്ചു. ഐസലേഷൻ നിർദേശം ലംഘിച്ചാൽ 8 വർഷം വരെ തടവുശിക്ഷ നൽകുമെന്ന്, ഇതുവരെ രോഗമെത്താത്ത കൊളംബിയ മുന്നറിയിപ്പ് നൽകി.

ജപ്പാനിൽ കിന്റർഗാർട്ടൻ മുതലുള്ള എല്ലാ വിദ്യാലയങ്ങളും ആഴ്ചകളോളം അടച്ചിടാൻ സർക്കാർ നിർദേശം നൽകി. മേളകൾ റദ്ദാക്കി. ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യാനോ തിരക്കില്ലാത്ത സമയത്തു യാത്ര ചെയ്യാനോ മാത്രം അനുവദിക്കും. ഇറ്റലിയിലേക്കുള്ള യാത്ര പല രാജ്യങ്ങളും വിലക്കി. ഇറാനുമായുള്ള അതിർത്തി അയൽരാജ്യങ്ങൾ അടച്ചു. ഇറ്റലി, ദക്ഷിണ കൊറിയ യാത്രകൾ വിലക്കുന്ന കാര്യം യുഎസ് പരിഗണനയിലാണ്. ചൈനയിൽനിന്നുള്ള യാത്ര നേരത്തേ വിലക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ ആഘോഷങ്ങളും ഗ്രീസ് നിർത്തിവച്ചു. ഇറ്റലിയിൽ നിന്നെത്തിയവരിലൂടെ ഗ്രീസിലും ഇസ്രയേലിലും പാക്കിസ്ഥാനിലും രോഗമെത്തി. ജപ്പാനിൽ നേരത്തേ രോഗം ഭേദപ്പെട്ടു വിട്ടയച്ചയാൾക്കു വീണ്ടും രോഗബാധയുണ്ടായി. ഇറാഖിൽ സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ നിർദേശം നൽകി.

കുവൈത്തിൽ രോഗബാധിതരുടെ എണ്ണം 43 ആയി. കുവൈത്ത് പൗരന്മാർ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും അവിടെനിന്നുള്ളവർ കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിദ്യാലയങ്ങൾക്ക് മാർച്ച് 15വരെ അവധി നൽകി. പള്ളികളിലെ ഖുതുബ (പ്രസംഗം) 10 മിനിറ്റിൽ കൂടരുതെന്ന് ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നത്തെ ഖുതുബ കൊറോണ പ്രതിരോധത്തെക്കുറിച്ചായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കൂട്ടംകൂടുന്നത് ഒഴിവാക്കാൻ എല്ലാ പൗരൻമാർക്കും നിർദേശം നൽകി. മിക്ക പൊതുപരിപാടികളും മാറ്റി. കുവൈത്തിലും ബഹ്‌റൈനിലും ജോലി സ്ഥലങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ വിരലടയാളം പതിക്കേണ്ടതില്ലെന്ന നിർദേശം നൽകി. ബഹ്‌റൈനിൽ രോഗികൾ 33 ആയി. അടുത്ത മാസം നടക്കേണ്ടിയിരുന്ന രാജ്യാന്തര പുഷ്പോത്സവം മാറ്റിവച്ചു. യുഎഇയിൽ ഇതുവരെ 13 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോഗവിമുക്തരായി. ഒമാനിൽ ഇതുവരെ 4 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

തൊഴില്‍ അവധി കഴിഞ്ഞെത്തിയ യാത്രക്കാര്‍ക്കും കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് സൗദി വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചുപോയ യാത്രക്കാരെ സൗദിയില്‍ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പോയ വിമാനത്തിലെ യാത്രക്കാരെയാണ് തടഞ്ഞത്. ദമാം വിമാനത്താവളത്തില്‍ ഇവരെ തട‍ഞ്ഞുവെച്ചിരിക്കുകയാണ്. ഇഖാമ അടക്കമുള്ള തൊഴില്‍ രേഖകളുള്ളവരാണ് ഇവരില്‍ പലരും. യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചന.

അതിനിടെ കൊറോണവൈറസ് ബാധയിൽ മരണം 2800 കഴിഞ്ഞു. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. അതേസമയം ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയര്‍ന്നു. എന്നാല്‍, ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.