1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനുള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വന്‍ സാമ്പത്തിക നഷ്ടം. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതാണ് ഫാഷന്‍ മേഖലയെ വലയ്ക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളവിപണിയില്‍ ശക്തമായ സാന്നിധ്യമായി വളര്‍ന്ന ചൈന കൊറോണയില്‍ വലഞ്ഞതു മൂലം ഫാഷന്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിനും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഗോള നിക്ഷേപ ബാങ്കായ ജെഫറീസ് ബി.ബിസിക്ക് നല്‍കിയ വിവരപ്രകാരം വിപണനമേഖലയില്‍ ചൈനീസ് ഉപഭോക്താക്കളുടെ സാന്നിധ്യം 80 % ആണ്.

ആഗോള ഫാഷന്‍ മേഖലയില്‍ ചൈനീസ് ഉപഭോക്താക്കളുടെ സാന്നിധ്യം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 38 ശതമാനം ആയി വളര്‍ന്നിട്ടുണ്ട്. 2003 ല്‍ ചൈനയില്‍ സാര്‍സ് വൈറസ് പടര്‍ന്നു പിടിച്ചപ്പോഴും ചൈനീസ് വിപണി കുലുങ്ങിയിട്ടുണ്ട്. പക്ഷെ അന്ന് 8 ശതമാനം മാത്രം ആയിരുന്നു ആഗോള ഫാഷന്‍ മേഖലയില്‍ ചൈനീസ് വിപണിയില്‍ നിന്നും ഇടിവ് വന്നത്.

“ഇതൊരു ദുസ്വപ്‌നം പോലെയാണ്,” ജെഫ്രീസിന്റെ മാനേജിങ് ഡയരക്ടറായ ഫ്‌ളാവിയോ സെരിദ പറഞ്ഞു. ‘ വില്‍പ്പന പൂജ്യത്തിലെത്തുന്ന ഒരു അവസ്ഥയിലൂടെ ഞങ്ങള്‍ ഇതുവരെ കടന്നു പോയിട്ടില്ല. ഇത് എല്ലാവരെയും ബാധിക്കുന്നുണ്ട്. ചെറിയ ബ്രാന്‍ഡ് ആണെങ്കിലും വലിയ ബ്രാന്‍ഡ് ആണെങ്കിലും’ സെരീദ പറഞ്ഞു.

ഡിസംബറില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയില്‍ ക്രമാതീതമായ മരണത്തിനിടയാക്കുകയും അര ലക്ഷത്തിലധികം ജനങ്ങള്‍ക്ക് രോഗ ബാധ പടരുകയും ചെയ്ത സാഹചര്യത്തില്‍ ചൈനയിലെ ഫാക്ടറികളും ഷോപ്പിംഗ് മാളുകളും മാര്‍ക്കറ്റുകളുമെല്ലാം കൂട്ടമായി അടച്ചിട്ടിരിക്കുകയാണ്. ഈയടുത്ത് ചൈനയില്‍ പ്രഖ്യാപിച്ച പൊതു അവധി പിന്‍വലിച്ചെങ്കിലും ഭൂരിഭാഗം ജനങ്ങളും വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

വിപണി ഇടിയുന്ന സാഹചര്യത്തില്‍ ആഗോള ഫാഷന്‍ കമ്പനി ഭീമന്‍മാര്‍ അപായ സൂചന നല്‍കിയിട്ടുണ്ട്. ബര്‍ബെറി, റാള്‍ഫ് ലോറന്‍, വെര്‍സാസ്, മൈക്കല്‍ കോര്‍സ് തുടങ്ങിയ കമ്പനികളെല്ലാം വിപണി ഇടിയുമെന്ന് വ്യക്തമാക്കി.

ചൈനയില്‍ നിന്നും ഒരു ഉല്‍പന്നം പുറത്തെത്തിക്കലും, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫാഷന്‍ കമ്പനികളുടെ നിലവിലെ പ്രവര്‍ത്തനവുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി.

കഴിഞ്ഞ ദിവസം നടന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ചൈനീസ് കമ്പനികളുടെ അഭാവം ഉണ്ടായിരുന്നു. ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന മിലാന്‍ ഫാഷന്‍ വീക്കിലും ഇവര്‍ പങ്കെടുക്കാനിടയില്ല.

ഫാഷന്‍ ഇന്‍ഡസ്ട്രിയിലൂടെ 30 ബില്യണ്‍ ഡോളറിലധികമാണ് ഓരോ വര്‍ഷവും യു.കെയില്‍ മാത്രം എത്തുന്നത്. നിലവിലെ പ്രതിസന്ധി ബ്രിട്ടനു പുറമെ, ഫ്രാന്‍സുള്‍പ്പെടെയുള്ള രാജ്യങ്ങളെ കാര്യമായി ബാധിക്കും.

ചൈനയില്‍ കൊറോണ മൂലം 1600 ലേറെ ജനങ്ങളാണ് ഇതുവരെ മരണപ്പെട്ടത്. ചൈനയില്‍ മാത്രം 67,535 പേര്‍ക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഹുബൈയിലെ വുഹാന്‍ നഗരത്തിലാണ് കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.