1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ രണ്ടാമതും കൊറോണവൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നു വന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ത്ഥി. നേരത്തെ രോഗിയ്ക്ക് വൈറസ് ബാധയുള്ളതായി സംശയമുണ്ടായിരുന്നു. എന്നാല്‍ അന്തിമ ഫലം പുറത്തു വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു.

പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും പോസിറ്റീവ് ആയി ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തിടെ അറിയിക്കുകയാരുന്നു. രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രതിരോധ നടപടികളെല്ലാം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിലെ കണ്‍ട്രോള്‍ റൂം കൂടുതല്‍ ജാഗ്രതയോടു കൂടി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ എട്ടു പേര്‍ നീരീക്ഷണത്തിലാണ്. 124 പേരെ വീടുകളില്‍ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലര്‍ത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിലെ ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളേജിലും നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശ്യമെങ്കില്‍ താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും.

എല്ലാ ദിവസവും ആറുമണിക്ക് എല്ലാ വിഭാഗം തലവന്മാരുടെയും യോഗം ഉണ്ടാകുമെന്നും അതില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും അവ ക്രമീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.