1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2020

സ്വന്തം ലേഖകൻ: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.

ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.

ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണം നടത്തിയ യുവാവ് ഏഷ്യന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്വദേശികള്‍ക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയില്‍ മര്‍ദനമേറ്റെന്നും മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.