1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ വ്യാപകമായി പടര്‍ന്ന കൊറോണ വൈറസ് (COVID-19) ദക്ഷിണ കൊറിയയിലും പടര്‍ന്നു പിടിക്കുന്നു. പുതുതായി 100 കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതായി ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ചുങ് സി ക്യന്‍ അറിയിച്ചു. ഒപ്പം കൊറോണ ബാധയില്‍ രണ്ടാമതൊരാള്‍ കൂടി മരണപ്പെട്ടു.

204 പേര്‍ക്കാണ് ഇതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയിലെ കൊറോണ ബാധിതരുടെ എണ്ണം കഴിഞ്ഞാല്‍ തൊട്ടു പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ കൊറോണ ബാധിതരുടെ എണ്ണം. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ നഗരങ്ങളായ ദേഗു, ചെങ്ഗ്‌ഡോ എന്നിവിടങ്ങള്‍ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ ഒരു മതവിഭാഗത്തിലെ 9000 പേര്‍ കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ കഴിയാം എന്ന് അറിയിച്ചിട്ടുണ്ട്. കൊറോണ ആദ്യം സ്ഥിരീകരിച്ച ദക്ഷിണ കൊറിയയിലെ ചെങ്ഗ്‌ഡോ എന്ന നഗരത്തില്‍ ഈ മതവിശ്വാസികള്‍ കൂട്ടമായി ഒരു സംസ്‌കാര ചടങ്ങിന് പങ്കെടുത്തിരുന്നു. അതിനാല്‍ ഇവര്‍ക്ക് കൊറോണ പിടിപെടാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനം.

ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ച് മരിച്ച രണ്ടു പേരും ചെങ്ഗ്‌ഡോ എന്ന നഗരത്തിലായിരുന്നു. ഈ നഗരത്തിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച രണ്ടു പേരും ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ക്ക് കൊറോണ ബാധിച്ചത്. ഈ മാനസികാരോഗ്യ കേന്ദ്രത്തില്‍ 15 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൈനയില്‍ 75,685 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2004 പേര്‍ മരണപ്പെട്ടു. ഇതിനിടെ ഇറാനില്‍ വെള്ളിയാഴ്ച കൊറോണ ബാധയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒപ്പം 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇറാനിലെ കൊറോണ ബാധിതരുടെ എണ്ണം 18 ആയി.

ഒപ്പം ഇസ്രഈലില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. ജപ്പാന്‍ ആഡംബര കപ്പലില്‍ നിന്നും തിരിച്ചെത്തിയ ഇസ്രഈലി യുവതിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഇസ്രഈല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒപ്പം ഇറ്റലിയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ നാലു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്നതിനിടെ പ്രതിരോധം ശക്തമാക്കാന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ റിയാദില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഓരോ രാജ്യങ്ങളിലുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.

ഗള്‍ഫ് മേഖലയില്‍ ഒമ്പത് കേസുകളാണ് കൊറോണയുമായി ബന്ധപ്പെട്ടുളളത്. ഇതെല്ലാം യു.എ.ഇ യിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ നടത്തുന്ന ശ്രമങ്ങളെ ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗം അഭിനന്ദിച്ചു. ആറംഗ രാജ്യങ്ങളിലും ശക്തമായ പ്രതിരോധ പ്രവര്‍ത്തനം തുടര്‍ന്ന് വരുന്നതായും യോഗം വിലയിരുത്തി. വൈറസ് ബാധിച്ചോയെന്ന് പരിശോധിക്കുന്നവരുടേയും നിരീക്ഷണത്തിലുള്ളവരേയും രോഗ പ്രതിരോധ നടപടികള്‍ക്ക് ശേഷമാണ് തിരിച്ചയക്കുന്നത്.

ഇത് തുടരാനും, വിമാനത്താവളങ്ങളിലെ പരിശോധന ശക്തമായി തുടരായും യോഗത്തില്‍ ധാരണയായി. സംശയാസ്പദ സാഹചര്യങ്ങളിലുള്ളവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറും. ജനുവരി 29നും ജി.സി.സി ആരോഗ്യ വിഭാഗം വിഷയത്തില്‍‌ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അടിയന്തിര സാഹചര്യം ഇനിയുണ്ടായാല്‍ ഒന്നിച്ച് പ്രതിരോധിക്കുമെന്നാണ് യോഗ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.