1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികളടക്കം നാനൂറിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സംഘത്തിന് വിമാനത്താവള അധികൃതര്‍ നല്‍കി.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് സംഘത്തിലെ മലയാളികള്‍ ആവശ്യപ്പെടുന്നത്.

പല തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മാര്‍ച്ച് 16 മുതല്‍ ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രായമായവരും കൊച്ചു കുട്ടികളും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.

വിസ കാലാവധി കഴിഞ്ഞവരും മറ്റുമാണ് ഭൂരിഭാഗം പേരും. വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കിയാല്‍ തിരിച്ച് എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ല. ഭക്ഷണത്തിനുള്ള കാശ് പോലും പലരുടെയും കൈവശമില്ലെന്നും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ പറയുന്നു.

25ലേറെ മലയാളികളാണ് സംഘത്തിലുള്ളത്. ക്വലാലംപൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്ണിലാണ് ഇവരിപ്പോഴുള്ളത്. മലേഷ്യയില്‍ വൈറസ് ബാധയില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്നത് അപകടകരമായതിനാല്‍ അവിടെതന്നെ തുടരുകയായിരുന്നു സംഘം. എന്നാല്‍ പുറത്തിറങ്ങണമെന്ന ഉത്തരവ് വന്നതോടെ ഇവര്‍ പ്രതിസന്ധിയിലായി. എത്രയും പെട്ടെന്ന് വിമാനത്താവളത്തില്‍നിന്ന് മടങ്ങാനുള്ള ക്രമീകരണം എംബസിയോ സര്‍ക്കാരോ ഒരുക്കണമെന്നാണ് ഇവര്‍ അഭ്യര്‍ഥിക്കുന്നത്.

അതേസമയം വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല. യാത്രാവിലക്ക് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് എംബസി യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കി.

താമസ സൌകര്യമില്ലാത്തവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ താമസവും ഭക്ഷണവും ഒരുക്കാമെന്ന് എംബസി അറിയിച്ചു. തുടര്‍ന്ന് മലേഷ്യന്‍ പോലീസ് എത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. നിരാശരായ യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസ സ്ഥലത്തേക്ക് മടങ്ങി. വിദ്യാര്‍ത്ഥികളടക്കം ചിലര്‍ എംബസി ഒരുക്കിയ താമസസ്ഥലത്തേക്കും മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.