1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയേറ്റുള്ള മരണ നിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി. വ്യാഴാഴ്ച പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി ഉയര്‍ന്നു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് ഇതുവരെ മരണപ്പെട്ടത്.

അതേസമയം ചൈനയില്‍ 81154 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 71,150 പേര്‍ രോഗ മുക്തരായി. ഇറ്റലിയില്‍ 41035 പേര്‍ക്കാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4440 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി.

പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചെങ്കിലും ഇറ്റലിയില്‍ കൊറോണ കേസുകളില്‍ കുറവില്ല. ചൈനയ്ക്ക് സമാനമായ പ്രതിരോധ നടപടികളിലൂടെയാണ് ഇറ്റലിയും കടന്നുപോകുന്നത്.

മാര്‍ച്ച് 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

മരണസംഖ്യയിൽ ചൈനയെ മറികടന്ന ഇറ്റലിയിൽ ആരോഗ്യപ്രവർത്തകർ അടക്കം അയ്യായിരം പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് സമ്പൂർണ്ണ സമ്പർക്കവിലക്ക് പ്രഖ്യാപിച്ചു.നാലു കോടി ജനങ്ങളുള്ള കലിഫോർണിയ സമ്പൂർണ്ണ സമ്പർക്കവിലക്കിലായതോടെ അമേരിക്കയിൽ ഭീതി പടരുകയാണ്. അവശ്യസാധന ക്ഷാമം ഉണ്ടാകുമെന്ന പേടിയിൽ ജനങ്ങൾ പലയിടത്തും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. പൗരന്മാരുടെ എല്ലാ വിദേശയാത്രകളും അമേരിക്ക വിലക്കിയിട്ടുണ്ട്.

ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നാസയുടെ രണ്ട് റോക്കറ്റ് നിർമ്മാണ യൂണിറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട, ഹോണ്ട,നിസ്സാൻ എന്നിവ അമേരിക്കയിലെ ഫാക്ടറികൾ അടച്ചു. ആയിരത്തിലേറെ കോവിഡ് മരണം സംഭവിച്ച നാലാമത്തെ രാജ്യമായി ഇതിനിടെ സ്പെയിൻ മാറി .സ്പെയിനിൽ 24 മണിക്കൂറിനിടെ 193 പേരും ഇറാനിൽ 149 പേരും ഫ്രാൻസിൽ 108 പേരും മരിച്ചു.

മരണസംഖ്യ ചൈനയെക്കാൾ ഉയർന്ന ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് . മരുന്നുകൾക്കും വൈദ്യ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കൂട്ടരോഗപ്പകർച്ച ഉണ്ടാകുമെന്ന ആശങ്കയിലായ ബ്രിട്ടൻ ലക്ഷക്കണക്കിന് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ നിർദേശം നൽകി. പാരിസിൽ മെയ് 12ന് തുടങ്ങാനിരുന്ന കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റി വച്ചു. അതേസമയം ടോക്കിയോ ഒളിമ്പിക്സ് ഉപേക്ഷിക്കില്ലെന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി അധ്യക്ഷൻ തോമസ് ബാച് പറഞ്ഞു. ഒളിമ്പിക്സ് നീട്ടണമോയെന്ന തീരുമാനിക്കാൻ സമായമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യയും യൂറോപ്പും വടക്കേ അമേരിക്കയും കഴിഞ്ഞ് ലാറ്റിനമേരിക്കയിലും കൊവിഡിന്‍റെ മരണനിഴല്‍ പടരുകയാണ്. മേഖലയില്‍ സമ്പൂർണ്ണ സമ്പർക്ക വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമായി അർജന്റീന മാറി. ബ്രസീലും ഫിലിപ്പീൻസും വിദേശികളെ വിലക്കി. യുഎഇ അടക്കമുള്ള ഗള്ഫ് രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇന്ന് വെള്ളിയാഴ്ച നമസ്കാരം പള്ളികളിൽ നടന്നില്ല.

448 പേർക്ക് രോഗം ബാധിച്ച പാകിസ്ഥാനിൽ മരണം മൂന്നായി. ആരോഗ്യപ്രവർത്തകരുടെ നിർദേശം ലംഘിക്കുന്ന മതസംഘടനകൾ മറ്റു പല രാജ്യങ്ങളിലും വലിയ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ പതിനായിരത്തിലേറെ പേരാണ് കൂട്ടപ്രാർഥനയിൽ പങ്കെടുത്തത്. ഇൻഡോനേഷ്യയിലും ആയിരങ്ങൾ വിലക്ക് മറികടന്ന് വെള്ളിയാഴ്ച പള്ളികളിലെത്തി.

കൊറോണ പശ്ചാത്തലത്തില്‍ ജക്കാര്‍ത്തയില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിനിമാതിയേറ്റുകള്‍, സ്പാ സെന്ററുകള്‍, ബാര്‍, പൊതു വിനോദങ്ങളെല്ലാം തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ അനീസ് ബസ്വേദന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസ വേതാനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും ബസ്വേദന്‍ പറഞ്ഞു. കൂടാതെ, മതപരമായ എല്ലാ ചടങ്ങളുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു.

ഇന്തോനേഷ്യയില്‍ 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 396 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജക്കാര്‍ത്തയില്‍ 18 പേര്‍ മരിക്കുകയും 215 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

കൊവിഡ്-19 വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യകത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്‍കരുതലുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങളെ കൊവിഡ് കാര്യമായി ബാധിക്കുമെന്നും ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിനെതിരെ എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.