1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിൽ കോവിഡ് മരണത്തിന് ശമനമില്ല. 24 മണിക്കൂറിനുള്ളിൽ മാത്രം 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണസംഖ്യ 4825 ആയി. ലോകവ്യാപകമായി 12,777 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 6557 പുതിയ കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 53,578 ആയി.

സ്പെയിനിൽ 285 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. ഇറാനിൽ 123 പേർ കൂടി മരിച്ചു. യു.എസിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 282 ആയി. അതേസമയം, ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച ചൈനയിൽ ഏഴ് പേർ മാത്രമാണ് 24 മണിക്കൂറിൽ മരിച്ചത്. ആകെ മരണം 3255. പുതിയ 41 കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.

മൂന്ന്​ ദിവസത്തെ ഇടവേളക്ക്​ ശേഷം ചൈനയിൽ പ്രാദേശിക തലത്തിൽ കോവിഡ്​ 19 വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തു. ശനിയാഴ്​ച 45 പേർക്കാണ്​ ചൈനയിൽ കോവിഡ്​ ബാധിച്ചതെന്ന്​ ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇതിൽ ഗ്വാൻഷുവിൽ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

ആറ്​ പേരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ചത്​. ഇതിൽ അഞ്ച്​ പേർ ഹൂബെ പ്രവിശ്യയിലാണ്​ മരിച്ചത്​. അതേസമയം, കോവിഡ്​ പടർന്നു പിടിച്ച വുഹാനിൽ നാലാമത്തെ ദിവസവും പുതിയ കോവിഡ്​ 19 കേസുകളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ചൈനയിൽ ആകെ 81,054 പേർക്കാണ്​ കോവിഡ്​ 19 വൈറസ്​ ബാധയേറ്റത്​. ഇതിൽ 3,261 പേർ വൈറസ്​ ബാധ മൂലം മരിച്ചു. 5,549 പേരാണ്​​ ചികിൽസയിലുള്ളത്​. 72,244 പേർ രോഗത്തിൽ നിന്ന്​ മോചിതരായി ആശുപത്രി വിട്ടു.

യുഎസിൽ ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ്, കണക്ടികട്ട് സംസ്ഥാനങ്ങളിൽ ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 3 നഗരങ്ങളും ഇതോടെ നിശ്ചലാവസ്ഥയിൽ – ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ.

യുകെ സമ്പൂർണ അടച്ചുപൂട്ടലിലേക്ക്. ഇതുവരെ അടയ്ക്കാതിരുന്ന ബാർ, പബ്, തിയറ്റർ, റസ്റ്ററന്റ്, നൈറ്റ് ക്ലബ്, ജിംനേഷ്യം എന്നിവയടക്കമുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കാൻ ഉത്തരവ്. ഫ്രാൻസിൽ സമ്പർക്ക വിലക്കിന്റെ ആദ്യദിനം നിർദേശങ്ങൾ ലംഘിച്ചതിന് 4000 പേർക്കു പിഴയിട്ടു. ആഫ്രിക്കയിൽ പരിശോധനാ സംവിധാനങ്ങളുടെ അഭാവവും മറ്റുമുള്ളതുകൊണ്ട് യഥാർഥ രോഗബാധിതരുടെ സംഖ്യ സംബന്ധിച്ച് പല രാജ്യങ്ങളിലും വ്യക്തതയില്ല.

കോവിഡ്​ 19 വ്യാപനത്തിന്​ തടയിടാനായി നെതർലൻഡ്​സ്​ പ്രധാനമന്ത്രി മാർക്ക്​ റട്ട്​ സ്വീകരിച്ച നടപടിക്ക്​ കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ. പ്രതിപക്ഷ നിരയിലെ എം.പി മാർട്ടിൻ വാൻ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച്​​ മാർക്ക്​ റട്ട്​ ഉത്തരവിറക്കി. നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ്​ രാജിവെച്ചതിനെത്തുടർന്ന്​ മൂന്ന്​ മാസത്തെ താൽക്കാലിക നിയമനമാണ്​ നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്​. മാർക്ക്​ റട്ട്​ ഭരണകക്ഷിയായ പീപ്പിൾസ്​ പാർട്ടി ഫോർ ഫ്രീഡം ആൻഡ്​ ഡെമോക്രസിയുടേയും മാർട്ടിൻ വാൻ റിജിൻ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടേയും നേതാക്കളാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.