1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: കൊവിഡ്- 19 രണ്ടാം വ്യാപനം തുടരുന്ന ഇറ്റലിയിൽ ഇനിയുള്ള ഏഴു മുതൽ 10 വരെ ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് ആരോഗ്യ മന്ത്രി റൊബെർതോ സ്പെറൻസ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സ്ഥിരത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയുടെ നിലപാട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും പുതിയ കൊവിഡ് പ്രതിരോധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി റൊബെർതോ പറഞ്ഞു.

ഇറ്റലിയുടെ ആദ്യ കൊവിഡ് വാക്സീൻ രാജ്യത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നീക്കിവയ്ക്കുമെന്നും, വ്യവസായികാടിസ്ഥാനത്തിൽ വാക്സീൻ യാഥാർത്ഥ്യമാകണമെങ്കിൽ 2021 ൻ്റെ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ഇനിയും അഞ്ചാഴ്‌ചയിലധികം സമയമുണ്ട്. ക്രിസ്മസ് ആഘോഷത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൻ്റെ പ്രാധാന്യം മനസിലാക്കി എല്ലാ പൗരന്മാരും പ്രവർത്തിക്കേണ്ടത് രാജ്യത്തിൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്ക് ആവശ്യമാണെന്നും റൊബെർതോ സ്പെറൻസ പറഞ്ഞു.

ജർമനിയിൽ ഡിസംബർ ഒന്ന് മുതൽ ചാൻസലർ മെർക്കൽ നടപ്പിലാക്കാനിരുന്ന കടുത്ത കൊറോണ നിയന്ത്രണങ്ങൾ 16 മുഖ്യമന്ത്രിമാർ ചോദ്യം ചെയ്തതോടെ തീരുമാനമാകാതെ ചർച്ച അലസി പിരിഞ്ഞതായി ഏജൻസി റിപ്പോർട്ട്. ഇപ്പോൾ ജർമനിയിൽ നിലവിലുള്ള മിനി ലോക്ഡൗൺ മൂലം കൊവിഡ് വ്യാപനത്തിന്റെ തോത് പിടിച്ച് കെട്ടാനാവില്ല എന്ന തിരിച്ചറിവാണ് മെർക്കൽ പുതിയ നിയന്ത്രണങ്ങളുമായി രംഗത്തു വന്നത്. കഴിഞ്ഞ രാത്രിയിൽ പതിനാറ് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി മെർക്കൽ ആശയവിനിമയം നടത്തിയെങ്കിലും ധാരണയിലെത്താൻ അവർക്ക് കഴിഞ്ഞില്ല.

നവംബർ 25 ബുധനാഴ്ച വീണ്ടും യോഗം കൂടി പരിഹാരം കാണുമെന്ന് മെർക്കൽ തന്നെ മാധ്യമങ്ങളെ അറിയിച്ചു. മിനി ലോക്ഡൗണിൽ ജനം സഹകരിക്കുന്നുവെന്നും അവർക്ക് മെർക്കൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. മേലിൽ ജർമനിയിൽ ജലദോഷമോ, തുമ്മലോ, പനിയോ പിടിക്കുന്നവർ ഏഴ് ദിവസം ക്വാറൻറ്റൈയിനിൽ ഇരിക്കണമെന്ന മെർക്കലിന്റെ നിർദ്ദേശത്തോട് മുഖ്യമന്ത്രിമാർ മുഖം തിരിക്കുകയായിരുന്നു.

ജനം സ്വകാര്യ ചടങ്ങുകളും, പാർട്ടികളും, കുടുംബകൂട്ടായ്മകളും കഴിവതും ഉപേക്ഷിക്കണമെന്നുള്ള മെർക്കലിന്റെ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചില്ല. യാത്ര ഒഴിവാക്കുക, പൊതുപരിപാടികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും അപ്പാടെ തള്ളി. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കാനുള്ള മെർക്കലിന്റെ നിർദ്ദേശത്തിന് തിരിച്ചടിയായി കുട്ടികൾ, ഒരാളെ മാത്രം കൂട്ടി കളികളത്തിൽ കളിച്ചാൽ മതിയെന്നുള്ള മെർക്കലിന്റെ നിർദ്ദേശങ്ങളും അംഗീകരിച്ചില്ല.

മുതിർന്നവരെ സന്ദർശിക്കുന്നവർ കൊറോണ മുക്തരെന്ന് ഉറപ്പ് വരുത്തിയ ശേഷമെ ആകാവും എന്ന തീരുമാനത്തിന് ഒടുവിൽ അംഗീകാരമായി. ഡിസംബറിൽ ജർമനിയിൽ പൊടിപൊടിക്കുന്ന ക്രിസ്മസ്, നവവത്സര പാർട്ടികൾ എങ്ങനെ ആഘോഷിക്കണം എന്ന തീരുമാനം നവംബർ 25ന് പ്രഖ്യാപിക്കുമെന്ന് ചാൻസലർ മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. മിനി ലോക്ഡൗൺ മൂലം ഒരു പരിധിവരെ കൊവിഡ് ബാധ ജർമനിയിൽ നിയന്ത്രണത്തിലാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.