1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മാർച്ച് ഒന്നിനും മാർച്ച് 15 നും ഇടയിൽ 51 ലാബുകളിൽ ഇതുവരെ പരിശോധിച്ച 500 സാമ്പിളുകളിൽ കോറോണ വൈറസിന് സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആർ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. എന്നാല്‍ അവിടുന്ന് നാല് ദിവസം പിന്നിട്ടപ്പോഴേക്കും ഇന്ന് അത്തരത്തിലുള്ള രണ്ട് കേസുകളാണ് ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒന്ന് പൂനയില്‍ നിന്നും, മറ്റൊന്ന് തമിഴ്‍നാട്ടില്‍ നിന്നും. ഈ രണ്ടുപേര്‍ക്കും എങ്ങനെ കോവിഡ് 19 ബാധയുണ്ടായി എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകാതെ കുഴങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഈ രണ്ടുപേരും ഇതുവരെ രോഗം സ്ഥിരീകരിച്ചവരെപ്പോലെ, വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരോ, രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ രാജ്യത്തിനകത്ത് കാര്യമായി സഞ്ചരിച്ചവരോ അല്ല എന്നതാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. ഇതോടെ കോവിഡ് രോഗബാധ മൂന്നാംഘട്ടമായ സാമൂഹ്യവ്യാപനഘട്ടത്തിലേക്ക് കടന്നതായ നിഗമനത്തിലെത്തിയിരിക്കുകയാണ് രാജ്യം.

കോറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വന്നവരോ, രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോ, കഠിനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കോ മാത്രമായിരുന്നു രാജ്യത്ത് ഇതുവരെ കോവിഡ് 19 പരിശോധനകള്‍ നടന്നിരുന്നത്. അതായത് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വിദേശ യാത്രകള്‍ നടത്താത്തവരും രോഗം സ്ഥിരീകരിച്ചവരുടെ കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്തവരുമായ വ്യക്തികളില്‍ ഈ പരിശോധന നടത്താന്‍ ഇന്ത്യയുടെ രോഗവ്യാപനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങ ള്‍ അനുവദിക്കുന്നില്ലായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ മഹാമാരി സാമൂഹ്യവ്യാപനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ശ്വസന പ്രശ്‌നങ്ങള്‍, പനി, ചുമ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.

കോവിഡ് പോസിറ്റീവ് ആയവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും ഹൈ റിസ്‌ക് കോണ്‍ടാക്റ്റുകളെയും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. രോഗബാധിതനുമായി ഇടപഴകിയതിന് അഞ്ചു മുതല്‍ 14 ദിവസത്തിനിടയിലാണ് ഇവരില്‍ പരിശോധന നടത്തേണ്ടതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പതിനാലു ദിവസത്തിനിടെ രാജ്യാന്തര യാത്ര നടത്തിയവരില്‍ ലക്ഷണങ്ങള്‍ ഉള്ളവരെയും അവരുമായി സമ്പര്‍ക്കമുള്ള അസുഖലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇതുവരെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്.

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശയാത്ര നടത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് രാജ്യത്ത് രോഗം കണ്ടെത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.