1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

ശാന്തന്‍പാറയില്‍ ഞങ്ങള്‍ പതിമൂന്ന് പേരുടെ പട്ടിക തയ്യാറാക്കി അതില്‍ ആദ്യത്തെ മൂന്നുപേരെ വെടിവച്ചും, തല്ലിയും, കുത്തിയും കൊന്നു എന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണി പറയുമ്പോള്‍ ഇടുക്കിക്കാരുടെ മനസ്സിലേക്കെത്തുന്നത് അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ പേരുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ഇവര്‍ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.

1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി. നേതാവ്, മനലാട് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബേബിയെ വെടിവച്ചുകൊല്ലുന്നത്. ഉടുമ്പന്‍ചോല മേലെചെമ്മണ്ണാര്‍ സ്വദേശിയായ ബേബി രാത്രി 7നാണ് നെടുങ്കണ്ടത്തിനു സമീപം മണത്തോട്ടുവച്ച് കൊല്ലപ്പെടുന്നത്. ചേറ്റുകാട് എസ്റ്റേറ്റിലെ തൊഴില്‍തര്‍ക്കം പരിഹരിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം.

പനംകുളം കൊച്ച്, തൊടിയൂര്‍പാറ ജോസ്, അന്നത്തെ സി.പി.എം. ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടു.

സംഭവത്തില്‍ മനംനൊന്ത് തൊടിയൂര്‍പാറ ജോസ് അഞ്ച് വര്‍ഷംമുമ്പ് ആത്മഹത്യചെയ്തു. പ്രതികളില്‍ മറ്റൊരാളായ മോഹന്‍ദാസ് സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇയാള്‍ക്കെതിരെ മൂന്നുതവണ വധശ്രമം ഉണ്ടായി.

1983 ജനവരി 16നാണ് രാജകുമാരി കോളപ്പാറ ചാലില്‍വച്ച് കുളപ്പറമ്പച്ചാല്‍ മുള്ളന്‍ചിറ മത്തായിയെ തല്ലിക്കൊല്ലുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. പിന്നാലെയെത്തിയ 13 അംഗ സംഘം കമ്പിവടി, കോടാലി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് പിറകില്‍നിന്ന് ആക്രമിക്കുകയായിരുന്നു. തലയോട് തകര്‍ന്നാണ് മരിച്ചത്. സാക്ഷികളില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടു. കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം സെക്രട്ടറിയായിരുന്നു മത്തായി.

1983 ജൂണ്‍ 6നാണ് കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ് മുട്ടുകാട് നാണപ്പനെ കുത്തിക്കൊല്ലുന്നത്. മുട്ടുകാട്‌വച്ചായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ യോഗസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഇപ്പോഴത്തെ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ബന്ധുവും ഇപ്പോള്‍ സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ പുഷ്പരാജ്, പി.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. നാണപ്പന്‍ സമീപത്തെ കടയുടെ പിന്നിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി കുത്തിക്കൊന്നു. സാക്ഷികളുടെ അഭാവത്തില്‍ ഈ കേസും വെറുതെ വിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.