1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി സമ്മാനിച്ച് സെക്‌സി ദുര്‍ഗ, ഒപ്പം ചിത്രത്തിലെ നായികയ്ക്ക് എതിരെ സൈബര്‍ ആക്രമണവും. അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ തിളങ്ങിയ സെക്‌സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

രാജശ്രീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു. സെക്‌സി ദുര്‍ഗ്ഗ എന്ന് ചിത്രത്തിന് പേരിട്ടതിന് സനല്‍ കുമാര്‍ ശശിധരനും ഒട്ടേറെ സൈബര്‍ ഭീഷണികള്‍ നേടിടേണ്ടി വന്നിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മേളകളിലൊന്നായ നെതര്‍ലാന്റ്‌സിലെ റൊട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ ഹിവോസ് ടൈഗര്‍ സെക്‌സി ദുര്‍ഗ്ഗയ്ക്ക് ലഭിച്ചിരുന്നു.

സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായതിനു തൊട്ടുപിന്നാലെയാണ് സംവിധായകനെ ഹിന്ദു സ്വാഭിമാന്‍ സംഘം പ്രസിഡന്റിന്റെ തേടി ഭീഷണി എത്തിയത്. കഴിഞ്ഞ ദിവസമാണ് ചിത്രം അര്‍മീനിയയിലെ യാരെവന്‍ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ആപ്രിക്കോട്ട് സ്വന്തമാക്കിയത്. ചിത്രം ഒരു ഇന്ത്യന്‍ സിനിമയും ഇതുവരെ സാന്നിധ്യം അറിയിക്കാത്ത വേദികളില്‍ പുരസ്‌കാരങ്ങള്‍ നേടുമ്പോഴാണ് നായികയ്‌ക്കെതിരെ സൈബര്‍ സദാചാരവാദികളുടെ ആക്രമണം.

രാജശ്രീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

‘സെക്‌സി ദുര്‍ഗ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. അന്താരാഷ്ട്ര വേദികളില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകള്‍ക്ക് ഇതെക്കുറിച്ച് അറിയല്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതില്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തത്.

പക്ഷെ ആളുകളില്‍ നിന്ന് വളരെ സ്‌നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്. സനല്‍ കുമാര്‍ ശശിധരന്‍ എന്ന കഠിനാധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തില്‍ ദുര്‍ഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ,’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.