1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ഒമാനിലും യെമനിലും നാശംവിതച്ച് മേകുനു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു; ഇരുരാജ്യങ്ങളിലുമായി 2 ഇന്ത്യക്കാരടക്കം 10 മരണം. 60 ലധികം പേരെ കാണാതായിട്ടുണ്ട്. യെമനിലാണ് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. കാണാതായവരില്‍ ഇന്ത്യക്കാരും സുഡാന്‍ പൗരന്മാരുമുണ്ട്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ദീപ്, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളാണ് സഹായവുമായി തിരിച്ചിട്ടുള്ളത്. മരുന്നും വസ്ത്രവും ഭക്ഷണവുമെല്ലാം ഇതിലുണ്ട്. കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടു പോയ ഒരു കപ്പലില്‍ നിന്നും നാല് ഇന്ത്യാക്കാരെ രക്ഷിച്ചതായും വിവരമുണ്ട്.

മേകുനു ഏറെ നാശനഷ്ടം വിതച്ചത് യെമനിലെ സൊകോട്ര ദ്വീപിലാണ്. ഇവിടെ മാത്രം 40 പേരെ കാണാതായെന്നാണ് വിവരം. ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലെ ഗ്രാമങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. ഒമാനില്‍ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത് സലാല മേഖലയിലാണ്.

ഇവിടേക്കുള്ള കരവ്യോമ ഗതാഗത പൂര്‍ണമായും തടസ്സപ്പെട്ടു. വൈദ്യുതിബന്ധം പൂര്‍ണമായി വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ്
റിപ്പോര്‍ട്ട്.

വൈദ്യുത ലൈനുകള്‍ പൊട്ടിവീണ് പല മേഖലകളും ഇരുട്ടിലാണ്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. സലാല ഇന്ത്യന്‍ സ്‌കൂളിനും അവധിയാണ്. ദോഫാര്‍, അല്‍ വുസ്ത മേഖലകളിലെ പതിനായിരത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.