1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തി പ്രാപിക്കും; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അതീവ ജാഗ്രതാ നിര്‍ദേശം. അറബിക്കടലിന്റെ തെക്കുകിഴക്കായി രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ 7 ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി സംസ്ഥാനത്തെ ബാധിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്നതിനാല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ കടലില്‍ പോകരുത് എന്ന അതീവജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിടാനായി NDRFന്റെ അഞ്ച് സംഘം ഇന്ന് സംസ്ഥാനത്ത് എത്തും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് രാവിലെ തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

മുല്ലപ്പെരിയാറില്‍ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം തുറക്കാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും. ഇടുക്കി ജില്ലാ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ 10 മണിക്ക് യോഗം ചേരും. പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്ന കാര്യം ആലോചിക്കുന്നത്. വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ വ്യാഴാഴ്ച വൈകുന്നേരം ഉയര്‍ത്തി. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.