1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2017

സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി തേടണമെന്ന ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹവും ചിതാഭസ്മവും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബൂദബിയിലെ യൂനിവേഴ്‌സല്‍ ആശുപത്രി മാനേജര്‍ ഹനില്‍ സജ്ജാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ. നിബന്ധനകള്‍ അടങ്ങുന്ന വിജ്ഞാപനം വിദേശത്ത് മരിച്ച ഇന്ത്യന്‍ പൗരനെ ഒരു അപകട വസ്തുവായാണ് കണക്കാക്കുന്നതെന്നും ഇത് ബന്ധുമിത്രാദികളെ വേദനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

കോഴിക്കോട് വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കുന്നതിന് രണ്ടുദിവസം മുമ്പ് മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നാലു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി), റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് ഹാജരാക്കേണ്ട മറ്റു രേഖകള്‍. മൃതദേഹം കൊണ്ടു വരുമ്പോഴും കൂടെയുള്ളവര്‍ ഇവ ഹാജരാക്കണം. മരിച്ച പൗരനെ അന്തസ്സോടെ സംസ്‌കരിക്കുകയെന്ന ഭരണഘടനാപരമായ അവകാശം ഹനിക്കുന്നതാണ് നിര്‍ദേശമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1954ലെ എയര്‍പോര്‍ട്ട് (പബ്ലിക് ഹെല്‍ത്ത്) 43 മ്ത് ചട്ടത്തിന് അനുസൃതമായാണ് പുതിയ സര്‍ക്കുലറെന്നും കോടതി ഇടപെടരുതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കരട് നിയമപ്രകാരം മൃതദേഹം കൊണ്ടുവരുന്ന കാര്യം 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയാവുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, 48 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന സര്‍ക്കുലറിലെ ഭാഗം സ്‌റ്റേ ചെയ്യുകയായിരുന്നു. മൃതദേഹം കൊണ്ടുവരുന്നത് 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയെന്ന് കരട് നിയമത്തില്‍ വ്യവസ്ഥയുണ്ട്. കേസ് തീര്‍പ്പാക്കുന്നത് വരെ ഈ വ്യവസ്ഥ നടപ്പാക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയം, കോഴിക്കോട് വിമാനത്താവളം ഹെല്‍ത്ത് ഓഫിസര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് എന്നീ എതിര്‍കക്ഷികളോട് കോടതി വിശദീകരണവും തേടി. ഉത്തരവിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.