1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: ജപ്പാനിലെ കറുത്ത വിധവയെന്ന് അറിയപ്പെട്ട പരമ്പര കൊലയാളിയായ സ്ത്രീക്ക് ഒടുവില്‍ വധശിക്ഷ. ഭര്‍ത്താവിനെയും കാമുകന്മാരെയും കൊലപ്പെടുത്തുകയും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കറുത്ത വിധവ എന്നറിയപ്പെട്ട 70 കാരി ചിസകോ കകെഹിയെ ക്യോട്രാ ജില്ല കോടതി ശിക്ഷിച്ചത്. മൂന്ന് പുരുഷന്മാരെ വധിച്ച ഇവര്‍ നാലാമതൊരാളെ വധിക്കാനും ശ്രമം നടത്തിയിരുന്നു.

ഇന്‍ഷുറന്‍സ് തുകയായി 88 ലക്ഷം ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. പത്തു വര്‍ഷത്തിനുള്ളിലാണ് ഈ തുക സമ്പാദിച്ച് അവര്‍ കോടീശ്വരിയായത്. എട്ടുകാലികളെപ്പോലെ ലൈംഗിക ബന്ധത്തിനു ശേഷം ഇണയെ സയനൈഡ് നല്‍കി വകവരുത്തുകയായിരുന്നു ഇവരുടെ ശൈലി. 2013ലാണ് അവസാന കൊലപാതക ശ്രമം നടന്നത്. ജൂണില്‍ വിചാരണ ആരംഭിച്ചപ്പോഴും കുറ്റം സമ്മതിക്കാനോ ചോദ്യം ചെയ്യലുമായി സഹകരിക്കാനോ ഇവര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ പിന്നീട് ചിസകോ കുറ്റസമ്മതം നടത്തുകയായിരുന്നു. ചിസകോയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നതായും അവരില്‍ ഏറെയും പ്രായമുള്ളവരും രോഗികളുമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡേറ്റിംഗ് ഏജന്‍സികള്‍ വഴിയാണ് ചിസകോ ഇരകളെ തെരഞ്ഞെടുത്തിരുന്നത്. തന്റെ പങ്കാളി ധനാഢ്യനും അതേസമയം കുട്ടികള്‍ ഇല്ലാത്തയാളും ആയിരിക്കണമെന്ന് ചിസകോയ്ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു.

പുരുഷന്മാരെ ദശലക്ഷക്കണക്കിന് ഡോളറിന് ഇന്‍ഷുര്‍ ചെയ്യുകയാണ് ചിസകോ ആദ്യം ചെയ്യുക. പിന്നീട് സാവകാശം അവരുടെ മരണം ഉറപ്പാക്കുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വിചാരണക്കിടെ വ്യക്തമാക്കി. ജപ്പാനെ വിറപ്പിച്ച കേസിന്റെ വിചാരണക്കിടെ മാധ്യമ പ്രവര്‍ത്തകരാണ് ചിസകോയ്ക്ക് കറുത്ത വിധവ എന്ന പേരു നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.