1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2018

സ്വന്തം ലേഖകന്‍: ‘പുറത്തിറങ്ങരുത്, സുഗന്ധദ്രവ്യം പോലും കത്തിക്കരുത്,’ ഡല്‍ഹിയിലെ വായു വിഷമയം; വാഹന നിയന്ത്രണമുള്‍പ്പടെ കര്‍ശന നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ദീപാവലിക്കു ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലാണു ഡല്‍ഹിയുടെ അന്തരീക്ഷം ഇപ്പോള്‍. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉള്‍പ്പെടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

സമീപ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളിലേക്കു ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഡല്‍ഹിയിലെ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്–എക്യുഐ) ഏറ്റവും മോശം അവസ്ഥയിലാണ്. തലസ്ഥാനത്തെ ഒന്‍പതിടങ്ങളില്‍ വായുവിന്റെ നിലവാരം അതിദയനീയമാണ്.

എന്‍സിആര്‍, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാമില്‍ ശ്വസിക്കാന്‍പോലും ഉപയോഗിക്കരുതാത്ത വിധം വായുനിലവാരം കുറവാണ്.
മലിനീകരണം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയ ‘ഒറ്റ–ഇരട്ട’ പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുമെന്നു കേജ്‌രിവാള്‍ പറഞ്ഞു. ഒറ്റ–ഇരട്ട നമ്പറുകളുള്ള വാഹനങ്ങള്‍ക്കു പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്നതാണ് ഈ രീതി.

വാസിപുര്‍, നരേല, ബാവന, സഹിബാബാദ്, ഫരീദാബാദ് തുടങ്ങിയ ഇടങ്ങളിലെ വ്യവസായ ശാലകള്‍ അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ഡല്‍ഹി–എന്‍സിആര്‍ മേഖലയിലെ എല്ലാം നിര്‍മാണ പ്രവൃത്തികളും ബുധനാഴ്ച വരെ നിര്‍ത്തിവച്ചു. വീടുകളുടെ ജനാലകള്‍ ഉള്‍പ്പെടെ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ പോലും കത്തിക്കാതെ ശ്രദ്ധിക്കണം. മാലിന്യം കത്തിരിക്കരുതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. പുറത്തിറങ്ങി നടക്കേണ്ടി വന്നാല്‍ത്തന്നെ സാധാരണ ‘ഡസ്റ്റ് മാസ്‌കുകള്‍’ ഉപയോഗിക്കരുത്. എന്‍–95, പി–100 പോലുള്ള മാസ്‌കുകള്‍ ധരിച്ചു മാത്രം പുറത്തിറങ്ങണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.