1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ എസ്ബിഐ എടിഎം നല്‍കിയത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2000 രൂപാ നോട്ട്. സൗത്ത് ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് 2000 രൂപയുടെ നാല് കളളനോട്ട് ലഭിച്ചത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ നോട്ടാണെന്ന് തോന്നുമെങ്കിലും നിരവധി വ്യത്യാസങ്ങള്‍ ഈ നോട്ടുകളിലുണ്ട്. എന്നാല്‍ ഇവയെങ്ങനെ എടിഎമ്മില്‍ എത്തി എന്നതു സംബന്ധിച്ച് എസ്ബിഐയും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതുന്ന സ്ഥലത്ത് നോട്ടില്‍ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിന്റെ മൂല്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിന് പകരം ‘കുട്ടികളുടെ സര്‍ക്കാരാ’ണ് ഗാരന്റി നല്‍കിയിരിക്കുന്നത്. 2000 രൂപ എന്ന് അക്കത്തില്‍ എഴുതിയ ഭാഗത്ത് രൂപയുടെ ചിഹ്നം ഇല്ല എന്നു മാത്രമല്ല സീരിയല്‍ നമ്പര്‍ മുഴുവന്‍ പൂജ്യമാണ്. റിസര്‍വ് ബാങ്കിന്റെ സീലിന് പകരം ഇംഗ്ലീഷില്‍ പികെ എന്നെഴുതിയ ലോഗോയാണുള്ളത്. ഇങ്ങനെ നിരവധി മാറ്റങ്ങളാണ് ഈ കളളനോട്ടിലുളളത്.

ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരനായ രോഹിതിനാണ് എടിഎമ്മില്‍ നിന്ന് കളളനോട്ട് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറിന് 8000 രൂപയാണ് ഇയാള്‍ പിന്‍വലിച്ചത്. ലഭിച്ച നാല് 2000ത്തിന്റെ നോട്ടുകളും വ്യാജനായിരുന്നു. ഇതേത്തുടര്‍ന്ന് രോഹിത് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എടിഎമ്മില്‍ നേരിട്ടെത്തി ഒരു 2000ത്തിന്റെ നോട്ട് പിന്‍വലിച്ചതും കളളനോട്ടായിരുന്നു. എന്നാല്‍ വീണ്ടും പണം പിന്‍വലിച്ചപ്പോള്‍ യഥാര്‍ഥ നോട്ടുകള്‍ തന്നെ ലഭിക്കുകയും ചെയ്തു.

എന്നാല്‍ സമാനമായ പരാതിയുമായി മറ്റാരും പൊലീസിനെ സമീപിച്ചിട്ടില്ല. ഒരു കെട്ട് നോട്ടിലെ തന്നെ ചിലത് മാത്രം ഇത്തരത്തില്‍ കളളനോട്ട് ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏതായാലും കറന്‍സി നോട്ടിന് സമാനമായവ നിര്‍മിച്ചതിന് വിവിധ സെക്ഷനുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.