1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2016

സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി. പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ റിസര്‍വ് ബാങ്കും അനുകൂലിച്ചു. നോട്ട് കൈമാറ്റത്തിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അതേസമയം സഹകരണ മേഖലയിലെ സത്യസന്ധരായ നിക്ഷേപകരുടെ നിക്ഷേപം സംരക്ഷിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരന്നു അരുണ്‍ ജെയ്റ്റ്‌ലി.

അതിനിടെ സഹകരണ സംഘങ്ങള്‍ ബൈലോ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംഘങ്ങളുടെ 2000 മുതലുള്ള പ്രവര്‍ത്തനം പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേഗതി നിലവില്‍ വന്നത് 2000ത്തിലാണ്. ഈ സാഹചര്യത്തിലാണ് 2000 മുതലുള്ള പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോഡിയെ കാണാന്‍ സമയം ചോദിച്ചപ്പോള്‍ ധനമന്ത്രിയെ കാണാന്‍ പറഞ്ഞു. ധനമന്ത്രിയെ കാണില്ലെന്ന് നിലപാട് കേരളത്തിനില്ല. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിക്ക് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോഡിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. നരേന്ദ്ര മോഡി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിന്‍വലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും ആരോപണം ഉയരുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയും ജില്ലാ സഹകരണ ബാങ്കുകള്‍ക്കുണ്ട്. 40 ലക്ഷത്തോളം ഇടപാടുകാരും. നോട്ടുകള്‍ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാത്രം ജില്ലാ സഹകരണ ബാങ്കുകള്‍ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. വായ്പയെടുത്തവരില്‍ മറ്റു ബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ കടുത്ത ആശങ്കയിലാണ്. പതിനാലാം തീയതിയാണ് അസാധുനോട്ടുകളുടെ വിനിമയത്തില്‍ നിന്ന് ജില്ലാ സഹകരണബാങ്കുകളെ ആര്‍ബിഐ വിലക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.